പത്താമനായി ഇറങ്ങി 30 റണ്‍സെടുത്ത ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിന്‍റെ ടോപ് സ്കോറര്‍. കേരളത്തിനായി ജലജ് സക്സേന 51 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.
തിരുവവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെ കറക്കി വീഴ്ത്തി കേരളം. ടോസ് നഷ്ടമായി ആദ്യ ദിനം ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശ് 162 റണ്‍സിന് ഓള്‍ ഔട്ടായി.പത്താമനായി ഇറങ്ങി 30 റണ്‍സെടുത്ത ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിന്‍റെ ടോപ് സ്കോറര്‍. നിതീഷ് റാണ 25 റണ്‍സെടുത്തു. 129-9 എന്ന നിലയില്‍ തകര്‍ന്ന ഉത്തര്‍പ്രദേശിനെ ശിവം ശര്‍മയും ആക്വിബ് ഖാനും തമ്മിലുള്ള 33 റണ്‍സിന്‍റെ അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് 150 കടത്തിയത്. കേരളത്തിനായി ജലജ് സക്സേന 51 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശിന് ക്യാപ്റ്റൻ ആര്യൻ ജുയാലും മാധവ് കൗശിക്കും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. കരുതലോടെ കളിച്ച ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 17.3 ഓവറില്‍ 29 റണ്‍സടിച്ചു. അരുണ്‍ ജുയാലിനെ(23) ബൗള്‍ഡാക്കി ജലജ് സക്സേനയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ട് പിന്നാലെ പ്രിയം ഗാര്‍ഗിനെ(1) കെ എം ആസിഫ് വീഴ്ത്തി. ഇതോടെ 30-2ലേക്ക് വീണ ഉത്തര്‍പ്രദേശിനെ മാധവ് കൗശിക്കും നീതീഷ് റാണയും ചേര്‍ന്ന് 50 കടത്തി. പിന്നാലെ മാധവ് കൗശിക്കിനെ(13) ജലജ് സക്സേന മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ ഐപിഎല്‍ താരം സമീര്‍ റിസ്‌വിയെ(1) ബേസില്‍ തമ്പി സ്വന്തം ബൗളിംഗില്‍ പിടികൂടിയതോടെ ഉത്തര്‍പ്രദേശ് 58-4ലേക്ക് വീണു.
undefined
ഐപിഎല്ലില്‍ ഈ വിദേശ താരങ്ങളെ കിട്ടാൻ ടീമുകൾ കുറഞ്ഞത് 2 കോടി മുടക്കണം
ലഞ്ചിന് തൊട്ടു മുമ്പ് പൊരുതി നിന്ന സിദ്ധാര്‍ത്ഥ് യാദവിനെ(19) കൂടി ജലജ് സക്സേന മടക്കിയതോടെ ഉത്തര്‍പ്രദേശ് പ്രതിരോധത്തിലായി.ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തിരുന്ന ഉത്തര്‍പ്രദേശിന് ലഞ്ചിന് ശേഷം നിതീഷ് റാണയെ(25) നഷ്ടമായി. ജലജ് സക്സേനക്കായിരുന്നു വിക്കറ്റ്. സ്കോര്‍ 100 കടന്നതിന് പിന്നാലെ പിയൂഷ് ചൗളയെ(10) കൂടി പുറത്താക്കി ജലജ് സക്സേന അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജലജിന്‍റെ 29-ാമത് അഞ്ച് വിക്കറ്റ് നേട്ടമാണിത്. സൗരഭ് കുമാറിനെ(19), ബാബ അപരാജിതും ശിവം മാവിയെ(13) ബേസില്‍ തമ്പിയും മടക്കിയതോടെ ഉത്തര്‍പ്രദേശ് 150 കടക്കില്ലെന്ന് കരുതിയെങ്കിലും അവസാന വിക്കറ്റില്‍ പത്താമനായി എത്തിയ ശിവം ശര്‍മയും(30) ആക്വിബ് ഖാനും(3) പിടിച്ചു നിന്നതോടെ യുപി 150 കടന്നു. 33 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ശിവം ശര്‍മയെ പുറത്താക്കിയ ആദിത്യ സര്‍വാതെയാണ് യുപി ഇന്നിംഗ്സ് അവസാനിപ്പിച്ചത്. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക