ജയ് ഷാ പോകുമ്പോള്‍ അരുണ്‍ ജെയ്റ്റിലുടെ മകന്‍ വരും! പുതിയ ബിസിസിഐ സെക്രട്ടറിയുടെ കാര്യത്തില്‍ ഏകദേശ ധാരണ

By Web TeamFirst Published Nov 4, 2024, 9:56 PM IST
Highlights

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അന്തരിച്ച അരുണ്‍ ജയ്റ്റ്‌ലിയുടെ മകനാണ് രോഹന്‍.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെക്രട്ടറി സ്ഥാനം രോഹന്‍ ജയ്റ്റ്‌ലി ഏറ്റെടുത്തേക്കും. നവംബറില്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിയുന്ന സാഹചര്യത്തിലായിരിക്കും ഇത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഷാ പുതിയ ഐസിസി ചെയര്‍മാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴത്തെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേയ്ക്ക് പകരം ജയ് ഷാ ഡിസംബര്‍ ഒന്ന് മുതല്‍ ഐസിസി മേധാവിയായി സ്ഥാനമേറ്റെടുക്കും. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജയ് ഷാ.

അപ്പോഴേക്കും പുതിയ ബിസിസിഐ സെക്രട്ടറി കണ്ടുപിടിക്കേണ്ടതുണ്ട്. ഈ സ്ഥാനത്തേക്കാണ് രോഹന്റെ കണ്ടുവച്ചിട്ടുള്ളത്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അന്തരിച്ച അരുണ്‍ ജയ്റ്റ്‌ലിയുടെ മകനാണ് രോഹന്‍. അദ്ദേഹത്തെ പകരക്കാരനാക്കാന്‍ നേതൃതലത്തില്‍ ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ ബിസിസിഐ - ഐസിസി പ്രസിഡന്റായിരുന്ന ജഗ്മോഹന്‍ ഡാല്‍മിയയുടെ മകന്‍ അവിഷേക് ഡാല്‍മിയയാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു വ്യക്തി. മുമ്പ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു അവിഷേക്. എന്നാല്‍, നിലവില്‍ രോഹനാണ് മുന്‍ഗണന. 

Latest Videos

രോഹിത് മറന്നുപോയ ഒരു കാര്യമുണ്ട്! ഇന്ത്യന്‍ നായകന്റെ കഴിവിനെ കുറിച്ച് ഓര്‍മിപ്പിച്ച് ദിനേശ് കാര്‍ത്തിക്

നിലവില്‍ ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) പ്രസിഡന്റാണ് രോഹന്‍. നാലു വര്‍ഷം മുമ്പാണ് രോഹന്‍ ക്രിക്കറ്റ് ഭരണ സമിതിയിലേക്ക് വരുന്നത്. തുടര്‍ന്ന് ഡിഡിസിഎ പ്രസിഡന്റായി നിയമിതനായി. 14 വര്‍ഷത്തോളം അരുണ്‍ ജയിറ്റ്‌ലി ആയിരുന്നു ഈ സ്ഥാനത്ത്. രോഹന്‍ പ്രസിഡന്റായിരിക്കെയാണ് പിതാവിന്റെ നാമത്തിലുള്ള ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഏകദിന ലോകകപ്പിന്റെ ഭാഗമായി അഞ്ച് മത്സരങ്ങള്‍ നടത്തിയത്. ബിസിസിഐ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ചരിത്രവും രോഹനുണ്ട്.

ഇനി ജയ് ഷായുടെ കാര്യത്തിലേക്ക് വന്നാല്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം അലങ്കരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം. 2014 മുതല്‍ 2015 വരെ എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ (2015 മുതല്‍ 2020 വരെ) എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനനത്ത് നേരത്തെയുണ്ടായിരുന്ന ഇന്ത്യക്കാര്‍. ഐസിസി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 2000 വരെ), ശരദ് പവാര്‍ (2010 2012) എന്നിവര്‍ പ്രസിഡന്റുമാരായി.

tags
click me!