ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ദുലീപ് ട്രോഫി ടീമില്‍ വീണ്ടും മാറ്റം; റിങ്കു സിംഗിനെ ടീമിലുള്‍പ്പെടുത്തി

By Web TeamFirst Published Sep 9, 2024, 9:36 AM IST
Highlights

അറുപതോളം താരങ്ങളെ ദുലീപ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും റിങ്കുവിനെ തഴഞ്ഞത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.

അനന്ത്പൂര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ദുലീപ് ട്രോഫി ടീമില്‍ വീണ്ടും മാറ്റം വരുത്തി സെലക്ടര്‍മാര്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള താരങ്ങളായ ധ്രുവ് ജുറെലും യാഷ് ദയാലും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ പകരം റിങ്കു സിംഗിനെയും അക്വിബ് ഖാനെയും അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ഇന്ത്യ ബി ടീമിലുള്‍പ്പെടുത്തി.

നേരത്തെ അറുപതോളം താരങ്ങളെ ദുലീപ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും റിങ്കുവിനെ തഴഞ്ഞത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. പിന്നീട് യുപി ടി20 ലീഗില്‍ റിങ്കു സജീവമായിരുന്നു. രാജ്യാന്തര തലത്തിലും ഐപിഎല്ലിലും ടി20 ഫോര്‍മാറ്റിലാണ് മികവ് കാട്ടിയതെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും റിങ്കുവിന് മികച്ച റെക്കോര്‍ഡാണുള്ളത്. ഉത്തര്‍പ്രദേശിനാി 47 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 54.7 ശരാശരിയില്‍ ഏഴ് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറിയും അടക്കം 3173 റണ്‍സ് റിങ്കു അടിച്ചിട്ടുണ്ട്. 163 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

Latest Videos

സര്‍ഫറാസ് പുറത്താകും, ഒപ്പം ജുറെലും; ബംഗ്ലാദേശേിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ

ദുലീപ് ട്രോഫിയില്‍ അഭിമന്യു ഈശ്വരൻ നയിക്കുന്ന ഇന്ത്യ ബി ഐദ്യ മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ നയിച്ച ഇന്ത്യ എയെ 76 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. മുഷീര്‍ ഖാന്‍റെ സെഞ്ചുറിയാണ്(181) ഇന്ത്യ ബിക്ക് വിജയം സമ്മാനിച്ചത്. റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ഇന്ത്യ സിക്കെതിരെ ഈ മാസം 12നാണ് ഇന്ത്യ ബിയുടെ അടുത്ത മത്സരം. അതിന് മുമ്പ് റിങ്കു ടീമിനൊപ്പം ചേരും. ബി ടീമിലുണ്ടായിരുന്ന യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, റിഷഭ് പന്ത്, യാഷ് ദയാൽ എന്നിവര്‍ ടെസ്റ്റ് ടീമിലിടം നേടിയിട്ടുണ്ട്. ഇന്നലെ അവസാനിച്ച മറ്റൊരു മത്സരത്തില്‍ ഇന്ത്യ ഡിക്കെതിരെ ഇന്ത്യ സി നാലു വിക്കറ്റ് വിജയം നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!