ഗ്രൗണ്ടില്‍ എതിരാളികളുമായി കൊമ്പുകോര്‍ക്കുന്നത് ബോധപൂര്‍വം, കോലിയോട് ഗൗതം ഗംഭീര്‍

By Web TeamFirst Published Sep 18, 2024, 2:07 PM IST
Highlights

എതിരാളികളുമായി കൊമ്പുകോര്‍ത്തതില്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് മറുപടി.

ചെന്നൈ: കളിക്കാരനായിരുന്നപ്പോഴും പിന്നീട് ഐപിഎല്ലില്‍ മെന്‍ററായിരുന്നപ്പോഴും എതിരാളികളുമായി ഗ്രൗണ്ടിലും പുറത്തും പലവട്ടം കൊമ്പു കോര്‍ത്തിട്ടുള്ള താരമാണ് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. എന്നാല്‍ ഇത്തരത്തില്‍ എതിരാളികളുമായി ഗ്രൗണ്ടില്‍ കൊമ്പുകോര്‍ക്കുന്നത് ബോധപൂര്‍വമായിരുന്നുവെന്നും അതുവഴി തന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നു പറയുകയാണ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീര്‍. വിരാട് കോലിയുമായുള്ള അഭിമുഖത്തിലായിരുന്നു ഐപിഎല്ലില്‍ കോലിയുമായും പലപ്പോഴും ഏറ്റുമുട്ടിയിട്ടുള്ള ഗംഭീർ ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഷാഹിദ് അഫ്രീദിയുമായി ഗംഭീര്‍ വാക്പോരിലേര്‍പ്പെട്ടത് ഇപ്പോഴും ആരാധകമനസിലുണ്ട്.

എതിരാളികളുമായി കൊമ്പുകോര്‍ത്തതില്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് മറുപടി. കാരണം, അത് എന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചിട്ടേയുള്ളൂ. താങ്കളും ഒരുപക്ഷെ അങ്ങനെയായിരിക്കുമെന്നാണ് കരുതുന്നതെന്ന് ഗംഭീര്‍ കോലിയോട് പറഞ്ഞു. എതിരാളികളുമായി ഗ്രൗണ്ടില്‍ പോരടിച്ചത് ഒരിക്കല്‍ പോലും എന്‍റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അതെന്നെ സഹായിച്ചിട്ടേയുള്ളുവെന്നും ഗംഭീര്‍ പറഞ്ഞു.

Latest Videos

സര്‍ഫറാസും ജുറെലും കാത്തിരിക്കണം, പ്ലേയിംഗ് ഇലവനെക്കുറിച്ച് നിര്‍ണായക സൂചനയുമായി ഗൗതം ഗംഭീര്‍

2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 97 റണ്‍സെടുത്ത് പുറത്തായതില്‍ ഇപ്പോഴും സങ്കടമില്ലെന്നും ഗംഭീര്‍ പറഞ്ഞു. പുറത്തായപ്പോള്‍ നിരാശ തോന്നിയിരുന്നു, പക്ഷെ അത് സെഞ്ചുറി തികയ്ക്കാന്‍ കഴിയാത്തതുകൊണ്ട് ആയിരുന്നില്ല, തന്‍റെ വിക്കറ്റ് വീണതോടെ ശ്രീലങ്കക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യത തുറക്കുമല്ലോ എന്നോര്‍ത്തിട്ടായിരുന്നു. ആളുകള്‍ ഇപ്പോഴും എന്നോട് ചോദിക്കാറുണ്ട്, എന്തിനാണ് ആ സമയത്ത് അങ്ങനെ ഒരു ഷോട്ട് കളിച്ചതെന്ന്. അതിനുള്ള ഉത്തരം, ആ ഷോട്ടിന് തൊട്ടു മുമ്പും എങ്ങനെ ലക്ഷ്യത്തിലെത്താം എന്നത് മാത്രമായിരുന്നു എന്‍റെ മനസില്‍.

പക്ഷെ 97ല്‍ എത്തി നില്‍ക്കുമ്പോള്‍ സെഞ്ചുറിയിലേക്ക് ഒറ്റ ഷോട്ട് മതി. ആ സമയത്ത് ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാകുമ്പോള്‍ എങ്ങനെ ആഘോഷിക്കണമെന്ന ചിന്തയൊക്കെ മനസില്‍ വരും. പക്ഷെ പുറത്തായപ്പോള്‍ നിരാശ തോന്നിയത് ശ്രീലങ്കക്ക് തിരിച്ചുവരാന്‍ അവസരം നല്‍കിയല്ലോ എന്നോര്‍ത്തിട്ട് മാത്രമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!