പട്ടം പറത്തലിലും ദുരന്തമായി ആര്‍സിബി! ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു - വീഡിയോ

By Web TeamFirst Published Jan 13, 2024, 11:12 PM IST
Highlights

അഹമ്മദാബാദില്‍ സംഘടിപ്പിച്ച പട്ടം പറത്തല്‍ മത്സരത്തിന്റെ ഫൈനലില്‍ ആര്‍സിബി തോല്‍ക്കുകയുണ്ടായി. അതും ഹൈദരാബാദിനോട് തന്നെ. ഇതോടെ 2016ലെ തോല്‍വി ക്രിക്കറ്റ് ആരാധകരും ഓര്‍മിച്ചെടുത്തു.

അഹമ്മദാബാദ്: ഒരിക്കല്‍ പോലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ സാധിക്കാതെ പോയ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 2016ല്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നുവെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍ക്കാനായിരുന്നു വിധി. ഇപ്പോള്‍ ഈ ഫൈനലുമായി ബന്ധപ്പെടുത്തി ആര്‍സിബിയുടെ മറ്റൊരു തോല്‍വി ആഘോഷിക്കുകയാണ് ട്രോളര്‍മാര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പട്ടം പറത്തലാണ് സംഭവം.

അഹമ്മദാബാദില്‍ സംഘടിപ്പിച്ച പട്ടം പറത്തല്‍ മത്സരത്തിന്റെ ഫൈനലില്‍ ആര്‍സിബി തോല്‍ക്കുകയുണ്ടായി. അതും ഹൈദരാബാദിനോട് തന്നെ. ഇതോടെ 2016ലെ തോല്‍വി ക്രിക്കറ്റ് ആരാധകരും ഓര്‍മിച്ചെടുത്തു. പിന്നാലെ ട്രോളുകളും. ഇപ്പോഴും ആര്‍സിബിക്ക് കപ്പ് നേടാനായില്ലെന്ന് ആരാധകരുടെ പക്ഷം. ഇന്ത്യന്‍ പതംഗ് ലീഗ് എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചത്.

Latest Videos

പട്ടം പറത്തല്‍ മത്സരത്തിലെ തോല്‍വിയൊന്നും ആര്‍സിബി കാര്യമാക്കുന്നില്ല. ഇത്തവണ ഐപിഎല്‍ നേടാനുള്ള ശേഷിയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ശക്തമായ ടീമിനെയാണ് ആര്‍സിബി ഇറക്കുന്നത്. ഇത്തവണ കാമറൂണ്‍ ഗ്രീനിനെ ട്രേഡിലൂടെ ടീമിലെത്തിക്കാനായതാണ് പ്രധാന നേട്ടം. മാത്രല്ല അല്‍സാരി ജോസഫ്, ജെറാള്‍ഡ് കോട്‌സീ, ലോക്കി ഫെര്‍ഗൂസണ്‍, ടോം കറന്‍ എന്നിവരെ ടീമിലെത്തിക്കാനും ആര്‍സിബിക്കായിരുന്നു. 

ഹൈദരാബാദും രണ്ടും കല്‍പ്പിച്ച് തന്നെയാണ്. പാറ്റ് കമ്മിന്‍സിനെ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്. ഓസ്‌ട്രേലിയയുടെ മറ്റൊരു താരം ട്രാവിസ് ഹെഡ്, ആര്‍സിബി ഒഴിവാക്കിയ വാനിന്ദു ഹസരങ്ക എന്നിവരും ടീമിലെത്തി. ഒരിക്കല്‍ മാത്രമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിരീടം നേടിയിട്ടുള്ളത്. 2016ല്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്ക് കീഴിലുള്ള ടീമായിരുന്നു അത്. പിന്നീട് കെയ്ന്‍ വില്യംസണ്‍ കീഴില്‍ ടീം ഫൈനലിലെത്തിയെങ്കിലും കിരീടം നേടാന്‍ സാധിച്ചില്ല. അന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോല്‍ക്കുകയായിരുന്നു.

ഇതില്‍പരം മറ്റൊന്നില്ല! ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച്? അവിശ്വസനീയ ഫീല്‍ഡിംഗിന്‍റെ വീഡിയോ
 

tags
click me!