ഐപിഎല്ലില്‍ ആര്‍ക്കും വേണ്ട; എങ്കിലും മികച്ച പ്രകടവുമായി പൃഥ്വി ഷാ, മുംബൈക്ക് മികച്ച തുടക്കം നല്‍കി

By Web Team  |  First Published Dec 11, 2024, 4:59 PM IST

ഒരറ്റത്ത് വിമര്‍ശനങ്ങള്‍ തുടരുമ്പോഴും ടൂര്‍ണമെന്റിലൊന്നാകെ ഭേദപ്പെട്ട പ്രകടനം തുടരാന്‍ പൃഥ്വിക്ക് സാധിച്ചിരുന്നു.


ആളൂര്‍: ഐപിഎല്‍ താരലേലത്തില്‍ ഫ്രാഞ്ചൈസികള്‍ തഴഞ്ഞെങ്കിലും സയ്യിദ് മുഷ്താഖ് അലിയില്‍ മികച്ച പ്രകടനം തുടര്‍ന്ന് മുംബൈ താരം പൃഥ്വി ഷാ. ഇന്ന് വിദര്‍ഭയ്‌ക്കെതിരായ മത്സരത്തില്‍ 26 പന്തില്‍ 49 റണ്‍സ് നേടി മുംബൈക്ക് മികച്ച തുടക്കം നല്‍കാന്‍ പൃഥ്വി സഹായിച്ചു. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിംഗ്‌സ്. ഫിറ്റ്‌നെസ് ഇല്ലാത്തതിന്റെ പേരില്‍ മുംബൈയുടെ രഞ്ജി ടീമില്‍ നിന്ന് തഴപ്പെട്ട താരമാണ് പൃഥ്വി. പിന്നീട് ഐപിഎല്‍ താരലേലത്തില്‍ 75 ലക്ഷത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ആറും ടീമിലെടുത്തില്ല. ഇതിനിടെയാണ് മുംബൈ ഓപ്പണറുടെ തകര്‍പ്പന്‍ പ്രകടനം.

ഒരറ്റത്ത് വിമര്‍ശനങ്ങള്‍ തുടരുമ്പോഴും ടൂര്‍ണമെന്റിലൊന്നാകെ ഭേദപ്പെട്ട പ്രകടനം തുടരാന്‍ പൃഥ്വിക്ക് സാധിച്ചിരുന്നു. മഹാരാഷ്ട്ര, സര്‍വീസസ് എന്നിവര്‍ക്കെതിരെ താരം റണ്‍സെടുക്കാതെ പുറത്തായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ആന്ധ്രയ്‌ക്കെതിരായ മത്സരത്തില്‍ 34 റണ്‍സ് നേടിയ താരം നാഗാലന്‍ഡിനെതിരെ 40 റണ്‍സും സ്വന്തമാക്കി. കേരളത്തിനെതിരെ 23 റണ്‍സായിരുന്നു സമ്പാദ്യം. ഗോവയ്‌ക്കെതിരെ 33 റണ്‍സും നേടാന്‍ പൃഥ്വിക്കായിരുന്നു. അടുത്തിടെ പൃഥ്വിക്കെതിരെ മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹപരിശീലകനുമായിരുന്ന പ്രവീണ്‍ ആംറെ രംഗത്തെത്തിയിരുന്നു.

Latest Videos

പൃഥ്വി ഷായെ പ്രചോദിപ്പിക്കാന്‍ ഇനി ആര്‍ക്കും സാധിക്കില്ലെന്നും, അദ്ദേഹം സ്വയം ചിന്തിക്കണമെന്നും ആംറെ പറഞ്ഞിരുന്നു. ആംറെയുടെ വാക്കുകള്‍... ''പൃഥ്വി ശരീരഭാരം 10 കിലോയെങ്കിലും കുറച്ച് മത്സരത്തിന് വേണ്ട് ഫിറ്റ്‌നെസ് വീണ്ടെടുക്കുകയാണ് വേണ്ടത്. എന്താണ് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ പൃഥ്വി ഷായ്ക്ക് തടസ്സമാകുന്നത്? അദ്ദേഹത്തിന്റെ കഴിവില്‍ ആര്‍ക്കും സംശയമില്ല. ദൈവത്തിന്റെ അനുഗ്രഹമുണ്ട്, എന്നാല്‍ പൃഥ്വി ഷാ തന്നെയാണ് അദ്ദേഹത്തിന്റെ ശത്രു. ഇനി ആര്‍ക്കും പൃഥ്വി ഷായെ പ്രചോദിപ്പിക്കാന്‍ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.'' പ്രവീണ്‍ ആംറെ പ്രതികരിച്ചു.

18ാം വയസില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ സെഞ്ചുറിയോടെ അരങ്ങേറിയ പൃഥ്വി ഷാ 2021ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2022ല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം ലഭിച്ചെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചില്ല. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് പൃഥ്വി ഷായെ ഐപിഎല്ലില്‍ ടീമുകള്‍ തഴയുന്നത്.

click me!