ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന മുഹമ്മദ് ഷമി നാലോവറില്‍ 43 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ബംഗാളിനെ 41 റണ്‍സിന് വീഴ്ത്തി ബറോഡ സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ ബംഗാള്‍ 18 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന മുഹമ്മദ് ഷമി നാലോവറില്‍ 43 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
ബറോഡയോട് തോറ്റതോടെ മുഷ്താഖ് അലിയില്‍ ബംഗാളിന്‍റെയും ഷമിയുടെയും പോരാട്ടം അവസാനിച്ചു. ബറോഡ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗാളിനുവേണ്ടി 36 പന്തില്‍ 55 റണ്‍സുമായി ഷഹബാസ് അഹമ്മദ് മാത്രമാണ് പൊരുതിയത്. റ്വിത്വിക് റോയ് ചൗധരി 18 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ അഭിഷേക് പോറല്‍ 13 പന്തില്‍ 22 റണ്‍സെടുത്തു.
ബറോഡക്ക് വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മെറിവാല മൂന്നോവറില്‍ 17 റണ്‍സിന് 3 വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബറോഡ ഓപ്പണര്‍മാരായ ശാശ്വത് റാവത്തിന്‍റെയും(26 പന്തില്‍ 40), അഭിമന്യു സിംഗിന്‍റെയും(34 പന്തില്‍ 37) ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയും(11 പന്തില്‍ 7) ഇന്ത്യൻ താരം ഹാര്‍ദ്ദിക് പാണ്ട്യയും(11 പന്തില്‍ 10) നിരാശപ്പെടുത്തിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവാലിക് ശര്‍മയും(17 പന്തില്‍ 24), വിഷ്ണു സോളങ്കിയും(7 പന്തില്‍ 16) ആണ് ബറോഡയെ 172ല്‍ എത്തിച്ചത്. ബംഗാളിനായി ഷമിക്കൊപ്പം പ്രഥിപ്താ പ്രമാണികും കനിഷ്ക് സേഥും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക