48കാരനായ പ്രവീണ്‍ താംബെ കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിച്ചതിന് ശേഷമാണ് കൊല്‍ക്കത്തയുടെ പരിശീലക സംഘത്തിലെത്തുന്നത്.
ദുബായ്: വെറ്ററന്‍ താരം പ്രവീണ്‍ താംബയെ വിടാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. താരമായിട്ടല്ലെങ്കിലും ഇത്തവണ പരിശീലക സംഘത്തോടൊപ്പം താംബെയുമുണ്ടാക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂരാണ് ഇക്കാര്യം അറിയിച്ചത്. 48കാരനായ പ്രവീണ്‍ താംബെ കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിച്ചതിന് ശേഷമാണ് കൊല്‍ക്കത്തയുടെ പരിശീലക സംഘത്തിലെത്തുന്നത്.
കഴിഞ്ഞ ഡിസംബറില്‍ താരലേലത്തില്‍ താംബെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ അബുദാബിയില്‍ നടന്ന ടി10 ലീഗില്‍ കളിച്ചതിനെ തുടര്‍ന്ന് ബിസിസിഐ വിലക്കുകയായിരുന്നു. അന്ന് ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടി താരമായിരുന്നു പ്രവീണ്‍ താംബെ. എന്നാല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് വിലക്കൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. സിപിഎല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററായിരുന്നു താംബെ.
അന്താരാഷ്ട്ര- ആഭ്യന്തര ക്രിക്കറ്റുകളില്‍ നിന്ന് വിരമിച്ചതിന് ശേഷം മാത്രമാണ് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ടി10 ലീഗില്‍ കളിച്ചത് താരത്തിന് വിനയായി. എന്നിരുന്നാലും കൈവില്ലെന്ന് തീരുമാനിക്കുകയായിരുന്നു.