ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാന്‍ വേദിയാകുമോ? ഇന്നറിയാം, കര്‍ശന നിലപാടുമായി ബിസിസിഐ

By Web Team  |  First Published Nov 29, 2024, 9:28 AM IST

പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കില്ല ടീം ഇന്ത്യ കര്‍ശന നിലപാടിലാണ് ബിസിസിഐ, മത്സരങ്ങളുടെ വേദി മാറ്റില്ലെന്ന് പിസിബിയും 


ദുബായ്: അടുത്ത വ‍ർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് പാകിസ്ഥാൻ വേദിയാകുമോയെന്ന് ഇന്നറിയാം. ബിസിസിഐയുടെ കടുത്ത നിലപാടിനിടെ ഐസിസിയുടെ നിർണായക ബോർഡ് യോഗം ഇന്ന് നടക്കും. 

അടുത്ത വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫി അനിശ്ചിതത്വത്തിലാക്കിയത് ഇന്ത്യൻ ടീം പാകിസ്ഥാനിൽ കളിക്കില്ലെന്ന ബിസിസിഐയുടെ കടുത്ത നിലപാടാണ്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ കളിച്ചിട്ടില്ല. ഇന്ത്യക്ക് ഐസിസി പിന്തുണയുണ്ടെങ്കിലും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇന്ത്യയുടേത് ഉൾപ്പടെ മത്സരങ്ങൾ പൂർണമായും പാകിസ്ഥാനിൽ നടത്തണമെന്നാണ് പിസിബി നിലപാട്. 

Latest Videos

മറ്റ് രാജ്യങ്ങൾക്കൊന്നും ഇല്ലാത്ത സുരക്ഷാ പ്രശ്നം ഇന്ത്യൻ ടീമിന് മാത്രം എന്താണെന്നും പിസിബി ചോദിക്കുന്നു. ഇന്ത്യൻ ടീം പാകിസ്ഥാനിൽ കളിച്ചില്ലെങ്കിൽ ഭാവിയിൽ ഇന്ത്യ വേദിയാകുന്ന ഐസിസി മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നാണ് പിസിബി നിലപാട്. ഇതോടെയാണ് ഐസിസി അടിയന്തര ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്ത് ഹൈബ്രിഡ് മോഡലിൽ നടത്താമെന്ന നിർദേശം ഐസിസി യോഗത്തിൽ ബിസിസിഐ ആവർത്തിക്കാനാണ് സാധ്യത. പാകിസ്ഥാൻ വഴങ്ങിയില്ലെങ്കിൽ ടൂർണമെന്‍റ് പൂർണമായും മറ്റൊരു രാജ്യത്തേക്ക് മാറ്റിയേക്കും. 

ഇതിനിടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവും പാകിസ്ഥാന് തിരിച്ചടിയാവും. ജയിലിലടക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് തഹ്‍രീകെ ഇൻസാഫ് പാർട്ടിയാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്കൻ എ ടീം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങി. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് പുറമേ മറ്റ് ടീമുകളും സുരക്ഷാ പ്രശ്നം ഐസിസി യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്ഥാനിൽ നിന്ന് മാറ്റിയാൽ പിസിബി വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുക.

Read more: ഈ താരത്തിന്‍റെ പ്രതിഫലം കൂടിയത് 55 ഇരട്ടി, ഐപിഎല്‍ ലേലത്തില്‍ പ്രതിഫല വർധനയില്‍ ഒന്നാമൻ പന്തോ ശ്രേയസോ അല്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!