ഇന്ത്യ ചെയ്തത് മറ്റൊരു ടീമും ചെയ്യാത്ത കാര്യം; ടീമിൽ 3 മാറ്റങ്ങൾ വരുത്തിയതിനെതിരെ തുറന്നടിച്ച് മുൻ താരങ്ങൾ

By Web Team  |  First Published Oct 24, 2024, 11:03 AM IST

ന്യൂസിലന്‍ഡിനെതിരായ പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് മാറ്റങ്ങളുമായി ഇറങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍.


പൂനെ: ന്യൂസിലന്‍ഡിനെതിരായ പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് മാറ്റങ്ങളുമായി ഇറങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍. ബെംഗളൂരു ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യ ശരിക്കും പേടിച്ചുപോയെന്നും അതുകൊണ്ടാണ് തിടുക്കപ്പെട്ട് മൂന്ന് മാറ്റങ്ങള്‍ വരുത്തിയതെന്നും സുനില്‍ ഗവാസ്കര്‍ കമന്‍ററിയില്‍ പറഞ്ഞു. ഒരു ടെസ്റ്റ് തോറ്റുവെന്ന് കരുതി മറ്റൊരു ടീമും പരിക്കൊന്നുമില്ലെങ്കില്‍ അടുത്ത ടെസ്റ്റിനുള്ള ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്താന്‍ തയാറാവില്ലെന്ന് ഗവാസ്കര്‍ പറഞ്ഞു.

ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് കരുത്തിനെക്കുറിച്ച് ശരിക്കും ആശങ്കപ്പെടുന്നുണ്ട്. വാഷിംഗ്ടൺ സുന്ദറിനെ ഉള്‍പ്പെടുത്താന്‍ കാരണം, ബൗളിംഗ് കണക്കിലെടുത്തല്ല എന്ന് വ്യക്തമാണ്. ലോവര്‍ ഓര്‍ഡറില്‍ ബാറ്റിംഗ് കരുത്ത് കൂട്ടുക എന്നതാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും കിവീസ് ബാറ്റിംഗ് നിരയില്‍ നിരവധി ഇടം കൈയന്‍ ബാറ്റര്‍മാരുള്ളതുകൊണ്ടാണ് സുന്ദറിനെ കളിപ്പിക്കുന്നതെങ്കില്‍ കുല്‍ദീപ് യാദവിനും ഇടം കൈയന്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള കാര്യം മറക്കരുതെന്നും ഗവാസ്കര്‍ പറഞ്ഞു.

Latest Videos

undefined

എമേർജിംഗ് ഏഷ്യാ കപ്പ്: ഒമാനെയും വീഴ്ത്തി ഇന്ത്യ; ബദോനിക്ക് അതിവേഗ 50, സെമിയിൽ എതിരാളികൾ അഫ്ഗാനിസ്ഥാൻ

അതേസമയം, പ്ലേയിംഗ് ഇലവനില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് മുന്‍ താരം അനില്‍ കുംബ്ലെ പറഞ്ഞു. സിറാജിന് പകരം ആകാശ് ദീപ് വന്നതും രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ പ്ലേയിംഗ് ഇലവനിലെത്തിയതും അംഗീകരിക്കാം. പക്ഷെ മൂന്ന് വര്‍ഷമായി ടെസ്റ്റില്‍ കളിച്ചിട്ടില്ലാത്ത വാഷിംഗ്ടൺ സുന്ദറിനെ കുല്‍ദീപ് യാദവിന് പകരം പ്ലേയിംഗ് ഇലവനിലെടുത്ത തീരുമാനം ശരിക്കും അത്ഭുതപ്പെടുത്തി.

ടീമിലെടുക്കാത്ത താരങ്ങളോട് എന്തുകൊണ്ട് എടുക്കുന്നില്ല എന്ന കാര്യം ക്യത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ടാവുമെന്നാണ് താന്‍ കരുതുന്നതെന്നും കുംബ്ലെ പറഞ്ഞു. 46 റണ്‍സിന് ഓള്‍ ഔട്ടായതിന്‍റെ സമ്മര്‍ദ്ദം ഇന്ത്യയുടെ കളിയിലുണ്ട്. പക്ഷെ കുല്‍ദീപ് ഈ പിച്ചില്‍ പന്തെറിയാന്‍ ആഗ്രഹിച്ചിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ടീമിലില്ലാത്തതില്‍ അവന്‍ നിരാശനായിരിക്കും.

പൂനെ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ്, 3 മാറ്റങ്ങളുമായി ഇന്ത്യ; കെ എല്‍ രാഹുല്‍

ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യയെ ടെസ്റ്റ് ജയിപ്പിച്ചിട്ടുള്ള അക്സര്‍ പട്ടേല്‍ ടീമിലുള്ളപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറെ രണ്ടാം ടെസ്റ്റിനുള്ള ടീമിലെടുക്കുകയും നേരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയും ചെയ്തത് ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് കുംബ്ലെ പറഞ്ഞു. ബെംഗളൂരു ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ പൂനെയില്‍ ഇറങ്ങിയത്. ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.ബൗളിംഗ് നിരയില്‍ മുഹമ്മദ് സിറാജ് പുറത്തായപ്പോൾ ആകാശ് ദീപ് പ്ലേയിംഗ് ഇലവനിലെത്തി. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!