സ്വന്തം മണ്ണില്‍ നാണംകെട്ട് ന്യൂസിലന്‍ഡ്, 98ല്‍ പുറത്ത്; മൂന്നാം ഏകദിനം പാട്ടുപാടി ജയിച്ച് ബംഗ്ലാദേശ്

By Web TeamFirst Published Dec 23, 2023, 10:24 AM IST
Highlights

ആദ്യ രണ്ട് ഏകദിനങ്ങളും അനായാസം ജയിച്ച ന്യൂസിലന്‍ഡ് വൈറ്റ് വാഷ് പ്രതീക്ഷയിലാണ് ബംഗ്ലാദേശിനെതിരെ പരമ്പരയിലെ അവസാന മത്സരത്തിന് ഇറങ്ങിയത്

നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര തകര്‍പ്പന്‍ ആശ്വാസ ജയത്തോടെ അവസാനിപ്പിച്ച് ബംഗ്ലാദേശ്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ 9 വിക്കറ്റിന്‍റെ ത്രില്ലര്‍ വിജയം സന്ദര്‍ശകരായ ബംഗ്ലാദേശ് നേടി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 31.4 ഓവറില്‍ വെറും 98 റണ്‍സില്‍ പുറത്തായപ്പോള്‍ ബംഗ്ലാദേശ് 15.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തുകയായിരുന്നു. ഇതോടെ പരമ്പര ന്യൂസിലന്‍ഡിന് അനുകൂലമായി 2-1ന് അവസാനിച്ചു. 

ആദ്യ രണ്ട് ഏകദിനങ്ങളും അനായാസം ജയിച്ച ന്യൂസിലന്‍ഡ് വൈറ്റ് വാഷ് പ്രതീക്ഷയിലാണ് ബംഗ്ലാദേശിനെതിരെ പരമ്പരയിലെ അവസാന മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ ബംഗ്ലാ പേസര്‍മാര്‍ക്ക് മുന്നില്‍ പതറിയ കിവികള്‍ക്ക് 98 റണ്‍സിനിടെ പത്ത് വിക്കറ്റും നഷ്ടമായി. 43 പന്തില്‍ 26 റണ്‍സെടുത്ത വില്‍ യങ് ടോപ് സ്കോററായപ്പോള്‍ രചിന്‍ രവീന്ദ്ര (12 പന്തില്‍ 8), ഹെന്‍‌റി നിക്കോള്‍സ് (12 പന്തില്‍ 1), ടോം ലാഥം (34 പന്തില്‍ 21), ടോം ബ്ലന്‍ഡല്‍ (17 പന്തില്‍ 4), മാര്‍ക് ചാപ്‌മാന്‍ (8 പന്തില്‍ 2), ജോഷ് ക്ലാര്‍ക്‌സണ്‍ (23 പന്തില്‍ 16), ആദം മില്‍നെ (20 പന്തില്‍ 4), ആദിത്യ അശോക് (12 പന്തില്‍ 10), വില്യം റൂര്‍ക്കീ (5 പന്തില്‍ 1), ജേക്കബ് ഡഫി (4 പന്തില്‍ 1) എന്നിങ്ങനെയായിരുന്നു മറ്റ് ന്യൂസിലന്‍ഡ് താരങ്ങളുടെ സ്കോര്‍. ബംഗ്ലാ ബൗളര്‍മാരില്‍ ഷൊരീഫുള്‍ ഇസ്‌ലമും തന്‍സിം ഹസന്‍ സാക്കിബും സൗമ്യ സര്‍ക്കാരും മൂന്ന് വീതവും മുസ്‌താഫിസൂര്‍ ഒന്നും വിക്കറ്റും നേടി. 

Latest Videos

ബംഗ്ലാദേശിന്‍റെ മറുപടി ബാറ്റിംഗില്‍ സൗമ്യ സര്‍ക്കാര്‍ 16 പന്തില്‍ 4 റണ്‍സില്‍ നില്‍ക്കേ റിട്ടയര്‍ഡ് ഹര്‍ട്ടായപ്പോള്‍ അനാമുല്‍ ഹഖിന്‍റെ വിക്കറ്റ് സന്ദര്‍ശകര്‍ക്ക് നഷ്ടമായി. മികച്ച തുടക്കം നേടിയ അനാമുല്‍ 33 പന്തില്‍ 37 എടുത്തു. അര്‍ധസെഞ്ചുറിയുമായി നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയും (42 പന്തില്‍ 51*), ലിറ്റണ്‍ ദാസും (2 പന്തില്‍ 1*) കളി 15.1 ഓവറില്‍ അവസാനിപ്പിച്ചു. തന്‍സിം ഹസന്‍ സാക്കിബ് കളിയിലെയും വില്‍ യങ് പരമ്പരയുടെയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഏകദിനം മഴനിയമം പ്രകാരം 44 റണ്ണിനും രണ്ടാമത്തേത് ഏഴ് വിക്കറ്റിനും ജയിച്ച് ആതിഥേയരായ ന്യൂസിലന്‍ഡ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. 

Read more: പണി പാളി! പരിക്കേറ്റ് സൂര്യകുമാര്‍ യാദവ് പുറത്ത്, ഹാര്‍ദിക് പാണ്ഡ്യ സംശയം; സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!