മുംബൈ: ഐപിഎൽ മെഗാ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. ഇതുവരെ ഒരു ടീമും ഒന്നും ഔദ്യോഗികമാക്കിയിട്ടില്ലെങ്കിലും നിരവധി അഭ്യൂഹങ്ങളാണ് വായുവില്‍ പറക്കുന്നത്. അതില്‍ കെ എല്‍ രാഹുലും മുഹമ്മദ് ഷമിയും കഴിഞ്ഞ ഐപിഎല്‍ ജയിച്ച ക്യാപ്റ്റനായ ശ്രേയസ് അയ്യരും വരെയുണ്ട്. എന്നാല്‍ ഇത്തവണ ടീമുകള്‍ കൈവിട്ടാല്‍ എതിരാളികള്‍ കോടികള്‍ കൊടുത്ത് സ്വന്തമാക്കാനിടയുള്ള വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെയെന്ന് നോക്കാം.
കെ എല്‍ രാഹുല്‍: ലഖ്നൗവുമായുള്ള ബന്ധം വേര്‍പ്പെടുത്തുമെന്ന് ഏതാണ്ട് ഉറപ്പായതോടെ കെ എല്‍ രാഹുലിനെ സ്വന്തമാക്കാന്‍ ഐപിഎല്ലില്‍ വലിയ മത്സരം നടക്കുമെന്നാണ് കരുതുന്നത്. എന്ത് വിലകൊടുത്തും രാഹുലിനെ സ്വന്തമാക്കാന്‍ മുന്നിലുണ്ടാകുക ആര്‍സിബിയായിരിക്കുമെന്നും രാഹുലാകും ആര്‍സിബിയുടെ ക്യാപ്റ്റനെന്നും സൂചനകളുണ്ട്.
undefined
റിഷഭ് പന്ത്: പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ റിഷഭ് പന്തിനെ നിലനിര്‍ത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇതുവരെ താല്‍പര്യം കാട്ടിയിട്ടില്ലെന്നാണ് സൂചനകള്‍. ലേലക്കമ്പോളത്തിലെത്തിയാല്‍ റിഷഭിനായി ആദ്യം മുന്നോട്ടുവരിക ചെന്നൈ സൂപ്പര്‍ കിംഗ്സായിരിക്കുമെന്നാണ് കരുതുന്നത്. എം എസ് ധോണിയുടെ പകരക്കാരാനായി ചെന്നൈ കാണുന്നത് റിഷഭ് പന്തിനെയാണ്.
ഇഷാന്‍ കിഷന്‍: റെക്കോര്‍ഡ് തുകയ്ക്ക് മുംബൈ സ്വന്തമാക്കിയ ഇഷാന്‍ കിഷനെ ഇത്തവണ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. ബിസിസിഐയില്‍ നിന്നും തിരിച്ചടികള്‍ നേരിട്ട കിഷന്‍ ലേലത്തനെത്തിയാൽ ഗുജറാത്ത് ഉള്‍പ്പെടെയുള്ള ടീമുകള്‍ കിഷനായി ശക്തമായി രംഗത്തെത്തും. പ്രായമേറുന്ന വൃദ്ധിമാന്‍ സാഹയുടെ പറ്റിയ പകരക്കാരനായിരിക്കും ഗുജറാത്തില്‍ കിഷന്‍.
ജോസ് ബട്‌ലര്‍: രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ജോസേട്ടനെ വാങ്ങാന്‍ ടീമുകള്‍ തമ്മില്‍ കനത്ത പോരാട്ടം ഉണ്ടാകുമെന്നുറപ്പാണ്. ലേലത്തിനെത്തിയാല്‍ മുംബൈ ഇന്ത്യൻസാകും ജോസേട്ടനായി എന്തുവില കൊടുക്കാനും തയാറായി മുന്നോട്ടുവരാനിടയുള്ള ടീം.
ധ്രുവ് ജുറെല്‍: രാജസ്ഥാനില്‍ വിക്കറ്റ് കീപ്പറുടെ ജോലി അധികം ചെയ്യുന്നില്ലെങ്കിലും ഇന്ത്യൻ ടെസ്റ്റ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലിനും ലേലത്തില്‍ ആവശ്യക്കാര്‍ നിരവധിയുണ്ടാകും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത ബാറ്റിംഗ് മികവും കീപ്പിംഗ് മികവും ജുറെലിന്‍റെ മൂല്യം കൂട്ടുന്നഘടകമാണ്.