ദക്ഷിണാഫ്രിക്കയെ കശക്കിയെറിഞ്ഞ് കിവീസ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യക്കും ഓസീസിനും തിരിച്ചടി

By Web TeamFirst Published Feb 7, 2024, 12:36 PM IST
Highlights

വമ്പന്‍ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ഓസ്ട്രേലിയയെയും ഇന്ത്യയെയും പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

ഹാമില്‍ട്ടണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 281 റണ്‍സിന്‍റെ വമ്പന്‍ ജയം. നാലാം ദിനം 529 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 247 റണ്‍സിന് ഓള്‍ ഔട്ടായി. 87 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാം മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. കിവീസിനായി കെയ്ല്‍ ജയ്മിസണ്‍ നാലും മിച്ചല്‍ സാന്‍റ്നര്‍ മൂന്നും വിക്കറ്റെടുത്തു.സ്കോര്‍ ന്യൂിസലന്‍ഡ് 511, 179-4, ദക്ഷിണാഫ്രിക്ക 162, 247.

വമ്പന്‍ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ഓസ്ട്രേലിയയെയും ഇന്ത്യയെയും പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. ഇതുവരെ കളിച്ച മൂന്ന് ടെസ്റ്റില്‍ രണ്ട് ജയവും ഒരു പരാജയമുള്ള ന്യൂസിലന്‍ഡിന് 66.66 വിജയശതമാനവും 24 പോയന്‍റുമാണുള്ളത്. 10 ടെസ്റ്റില്‍ ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തായി. 55 വിജയശതമാനവും 66 പോയന്‍റുമാണ് ഓസീസിനുള്ളത്.

Latest Videos

ആളാവാൻ നോക്കി വിക്കറ്റ് വലിച്ചെറിയുന്നു, ഇങ്ങനെ കളിച്ചാൽ അവൻ ടീമിൽ നിന്ന് പുറത്താവും; മുന്നറിയിപ്പുമായി സഹീർ

രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറ് ടെസ്റ്റില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 52.77 വിജയശതമാനവും 38 പോയന്‍റുമാണ് ഇന്ത്യക്കുള്ളത്. തോല്‍വിയോടെ ദക്ഷിണാഫ്രിക്ക ആറാം സ്ഥാനത്ത് തന്നെ തുടര്‍ന്നു.

മൂന്ന് ടെസ്റ്റില്‍ ഒരു ജയവും രണ്ട് തോല്‍വിയും അടക്കം 33.33 വിജയശതമാനവും 12 പോയന്‍റുമാണ് ദക്ഷിണാഫ്രിക്കക്ക് ഉള്ളത്. ഇന്ത്യക്ക് പിന്നിലായി ബംഗ്ലാദേശും പാകിസ്ഥാനുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഇന്ത്യക്കെതിരായ പരമ്പര കളിക്കുന്ന ഇംഗ്ലണ്ട് എട്ടാം സ്ഥാനത്താണ്. ഈ മാസം നടക്കുന്ന ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!