പാകിസ്ഥാനികള്‍ നിങ്ങളെ ആരാധിക്കുന്നു! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചാംപ്യന്‍സ് ട്രോഫിക്ക് ക്ഷണിച്ച് റിസ്വാന്‍

By Web Team  |  First Published Oct 30, 2024, 10:11 AM IST

ഇന്ത്യയെ, പാകിസ്ഥാനിലേക്ക് ക്ഷണിക്കുകയാണ് പാകിസ്ഥാന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍.


ഇസ്ലാമാബാദ്: അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നുള്ള കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചിരുന്നു. 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെയാണ് ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നടക്കുക. രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കില്ലെന്നാണ് ബിസിസിഐ നിലപാട്. ഇതിനിടെ മറ്റൊരു നിര്‍ദേശം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവച്ചിരുന്നു. ചാംപ്യന്‍സ് ട്രോഫിയിലെ ഓരോ മത്സരങ്ങളും കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുക എന്നതാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നിര്‍ദേശം.

ഇപ്പോള്‍ ഇന്ത്യയെ, പാകിസ്ഥാനിലേക്ക് ക്ഷണിക്കുകയാണ് പാകിസ്ഥാന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍. പാകിസ്ഥാനികള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ സ്‌നേഹിക്കുന്നുവെന്നാണ് റിസ്വാന്‍ പറയുന്നത്. റിസ്വാന്റെ വാക്കുകള്‍... ''ഇവിടെയുള്ള ആരാധകര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുന്നു. ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ കളിക്കുന്നത് കാണുമ്പോള്‍ അവര്‍ ആവേശത്തിലാവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ വന്നാല്‍, ഞങ്ങള്‍ അവര്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കും.'' റിസ്വാന്‍ പറഞ്ഞു.

Latest Videos

undefined

റുതുരാജ് മുതല്‍ നിതീഷ് കുമാര്‍ വരെ! ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറന്നുകിടക്കുന്നു, ശ്രദ്ധിക്കേണ്ട താരങ്ങള്‍

കഴിഞ്ഞ ദിവസമാണ്, മത്സരം കഴിഞ്ഞയുടനെ നാട്ടിലേക്ക് മടങ്ങാമെന്ന നിര്‍ദേശം പിസിബി മുന്നോട്ടുവച്ചത്. ഇതിനായി ഡല്‍ഹി, ചണ്ഡിഗഡ്, മൊഹാലി എന്നീ നഗരങ്ങളില്‍ ഒന്നിലേക്ക് ചാര്‍ട്ടേഡ് വിമാനം സജ്ജമാക്കാമെന്നും പാകിസ്ഥാന്റെ ഓഫര്‍. പിസിബി ഔദ്യോഗികമായി ഇക്കാര്യം ബിസിസിഐയെ അറിയിച്ചിട്ടില്ല. ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കുന്ന മറ്റ് ഏഴ് ടീമുകളും പാകിസ്ഥാനിലെത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മത്സരങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് മാറ്റണം എന്നാണ് ഇപ്പോഴും ഇന്ത്യയുടെ ആവശ്യം. ഫെബ്രുവരി ഇരുപതിന് ബംഗ്ലാദേശിനെയും 23ന് പാകിസ്ഥാനെയും മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെയുമാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടേണ്ടത്.

ബിസിസിഐ കടുംപിടുത്തം തുടരുകയാണെങ്കില്‍ ഐസിസി ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കോ ദുബായിലേക്കോ മാറ്റിയേക്കും. 2008ന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. പാകിസ്ഥാന്‍ വേദിയായ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടത്തിയത്.

click me!