സുരക്ഷ കൊവിഡ് ലോക്‌ഡൗണിന് സമാനം, ഐപിഎല്‍ പരിചയവുമില്ല, പാക് തോല്‍വി ഇതൊക്കെ കൊണ്ടെന്ന് മിക്കി ആര്‍തര്‍
ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന്‍റെ തുടര്‍ തോൽവികൾക്ക് പുത്തൻ ന്യായീകരണവുമായി പാക് ടീം ഡയറക്‌ടര്‍ മിക്കി ആര്‍തര്‍. താരങ്ങളെ വരിഞ്ഞുമുറുക്കിയ ശക്തമായ സുരക്ഷ പ്രകടനത്തെ ബാധിച്ചു, ഐപിഎല്ലിൽ പാക് താരങ്ങളെ കളിപ്പിക്കാത്തതും തിരിച്ചടിയായെന്നും ആര്‍തര്‍ പറഞ്ഞു.
ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ മറ്റ് ടീമുകൾക്കൊന്നുമില്ലാത്ത സുരക്ഷയാണ് പാക് താരങ്ങൾക്ക്. ഇടവേളകളിൽ സന്ദര്‍ശക ടീമുകളെല്ലാം നഗരം ചുറ്റുമ്പോൾ സുരക്ഷാപ്രശ്നം കാരണം പാക് താരങ്ങൾക്ക് അനുമതി നിഷേധിക്കുകയാണ് ഐസിസി. ഇഷ്ട ഭക്ഷണം കഴിക്കാനും ടീം അംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കൂട്ടാനും സഹായകരമായ പുറംചുറ്റൽ അവസരം സുരക്ഷാ തടങ്കലിലായ പാക് താരങ്ങൾക്ക് കിട്ടാത്തത് പ്രകടനത്തെ ബാധിച്ചെന്ന് മിക്കി ആര്‍തര്‍ പറയുന്നു. കൊവിഡിന് സമാനമായ സ്ഥിതിയെന്ന് മിക്കി ആര്‍തര്‍ വിമര്‍ശിക്കുന്നു. കൊൽക്കത്തയിലെ തനത് ബിരിയാണിയും കെബാബും ചാപ്‌സും ഹോട്ടലിലേക്ക് ഓര്‍ഡര്‍ ചെയ്ത് വരുത്തിച്ച് പാക് താരങ്ങൾ കഴിച്ചെന്ന റിപ്പോര്‍ട്ടുകൾക്കിടെയാണ് ആര്‍തറിന്‍റെ തുറന്നുപറച്ചിൽ.
തകര്‍പ്പൻ ഫോമിലുള്ള മറ്റ് ടീമുകളിലെ താരങ്ങൾക്കെല്ലാം അനുകൂലമായത് ഐപിഎല്ലിലെ പരിചയ സമ്പത്താണ്. പാക് ടീമിലെ ബഹുഭൂരിഭാഗം അംഗങ്ങൾക്കും ഇന്ത്യൻ പിച്ചുകൾ പുത്തൻ അനുഭവമെന്നും മിക്കി ആര്‍തര്‍ പറയുന്നു. പാക് ആരാധകര്‍ക്ക് വിസ നിഷേധിച്ച സംഭവത്തെ തുടര്‍ന്ന് ലോകകപ്പ് നിയന്ത്രിക്കുന്നത് ബിസിസിഐയാണോയെന്ന് ചോദിച്ച് മിക്കി ആര്‍തര്‍ മുമ്പ് രംഗത്തെത്തിയിരുന്നു.
ലോകകപ്പില്‍ ഇന്നത്തെ നിര്‍ണായകമായ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പാകിസ്ഥാന്‍ നേരിടും. രാവിലെ പത്തരയ്ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. സെമിഫൈനൽ ഉറപ്പിക്കാൻ ഇരു ടീമിനും ജയം അനിവാര്യമാണ്. നിലവില്‍ അഫ്‌ഗാനിസ്ഥാനും പിന്നിലായി ആറാമതാണ് പോയിന്‍റ് പട്ടികയില്‍ പാകിസ്ഥാന്‍. ഏഴ് കളികളില്‍ മൂന്ന് ജയങ്ങളെ മുന്‍ ചാമ്പ്യന്‍മാര്‍ക്കുള്ളൂ. പാകിസ്ഥാനെക്കാള്‍ രണ്ട് പോയിന്‍റിന്‍റെ മുന്‍തൂക്കം കിവികള്‍ക്കുണ്ട്. നാലാമതാണ് നിലവില്‍ ന്യൂസിലന്‍ഡ് നില്‍ക്കുന്നത്.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം