പരമ്പരയില്‍ ശ്രദ്ധിക്കേണ്ട ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.
മെല്‍ബണ്‍: നവംബര്‍ 22നാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് തുടക്കമാകുന്നത്. മറ്റു ടീമുകളുടെ സഹായമില്ലാതെ ഇന്ത്യക്ക് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തണമെങ്കില്‍ നാല് ടെസ്റ്റുകളെങ്കിലും ജയിക്കണം. ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്. ഇന്ത്യയില്‍ ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സും ലൈവ് സ്ട്രീമിംഗില്‍ ഡിസ്‌നി+ ഹോട്സ്റ്റാറിലുമാണ് മത്സരങ്ങള്‍ കാണാനാകുക.
ഇപ്പോഴിതാ പരമ്പരയില്‍ ശ്രദ്ധിക്കേണ്ട ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയുടെ രണ്ട് പേരായിരിക്കും പരമ്പരയില്‍ തിളങ്ങുകയെന്നാണ് വോണ്‍ പറയുന്നത്. യുവതാരങ്ങളായ യശസ്വി ജയസ്വാളും റിഷഭ് പന്തും ഇന്ത്യക്കായി തിളങ്ങുമെന്നാണ് വോണ്‍ പറയുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവരൊക്കെ ടീമിലുണ്ടെങ്കിലും ഇവരായിരിക്കും തിളങ്ങുകയെന്ന് വോണ്‍ ഉറപ്പിച്ച് പറയുന്നുണ്ട്. ഒട്ടും സമ്മര്‍ദ്ദമില്ലാതെ ആയാസരഹിതമായിട്ടാണ് പന്ത് ബാറ്റ് വീശുന്നതെന്നും ഇന്ത്യന്‍ ടീമില്‍ ഇത്തരത്തില്‍ കളിക്കാന്‍ നിലവില്‍ മറ്റാര്‍ക്കുമാവില്ലെന്നും വോണ്‍ പറയുന്നു. ഇന്ത്യയുടെ ഓപ്പണിങ്ങിലെ തലമുറ മാറ്റം ഈ പരമ്പരയില്‍ നടക്കുമെന്നും ജയ്സ്വാള്‍ താരമാകുമെന്നും വോണ്‍ പറയുന്നു.
അതേസമയം, യശസ്വി ജയ്സ്വാളിന് പരമ്പരയില്‍ തിളങ്ങാനാവില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹാഡിന്‍ വ്യക്തമാക്കി. ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അതിജീവിക്കാന്‍ കഴിയില്ലെന്നാണ് ഹാഡിന്‍ പറയുന്നത്. യശസ്വി ജയ്സ്വാള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരാജയപ്പെടുമെന്നാണ് ഹാഡിന്റെ പക്ഷം.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.