മദ്യപിച്ച് ബോധംപോയി! മാക്‌സ്‌വെല്ലിന്റെ ചെവിക്ക് പിടിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ; താരത്തിന് കര്‍ശന നിയന്ത്രണം

By Web TeamFirst Published Jan 24, 2024, 6:01 PM IST
Highlights

ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന - ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മാക്‌സ്‌വെല്ലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

സിഡ്‌നി: അഡ്ലെയ്ഡില്‍ നൈറ്റ് പാര്‍ട്ടിക്കിടെ മദ്യപിച്ച് ബോധം നഷ്ടമായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചോദ്യം ചെയ്തിരുന്നു. മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ ഉള്‍പ്പെട്ട സിക്സ് ആന്റ് ഔട്ട് ബാന്‍ഡിന്റെ സംഗീതപരിപാടിയില്‍ പങ്കെടുക്കാനാണ് മാക്‌സ്‌വെല്ലും സുഹൃത്തുക്കളും പോയത്. തുടര്‍ന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനം തുടരുന്നതിനിടെയാണ് മാക്‌സ്‌വെല്‍ ബോധരഹിതനായി നിലത്ത് വീണത്. എത്ര വിളിച്ചിട്ടും താരം എഴുന്നേറ്റതുമില്ല. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം ആരംഭിച്ചു.

ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന - ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മാക്‌സ്‌വെല്ലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ടി20 ടീമില്‍ താരത്തെ ഉള്‍പ്പെടുത്തുകയായിരുന്നു. ഓസ്‌ട്രേലിയന്‍ കോച്ച് മക്‌ഡൊണാള്‍ഡുമായി സംസാരിച്ചതിന് ശേഷമാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇക്കാര്യം അദ്ദേഹം പറയുകയും ചെയ്തു. മക്‌ഡൊണാള്‍ഡിന്റെ വാക്കുകള്‍... ''ഞാന്‍ ഗ്ലെനുമായി സംസാരിച്ചിരുന്നു. കളത്തിന് പുറത്തുള്ള സ്വഭാവം നിയന്ത്രിക്കാന്‍ അവനോട് പറഞ്ഞിരുന്നു. മാക്‌സിയത് ഉള്‍ക്കൊള്ളുമെന്നാണ് എന്റെ പ്രതീക്ഷ. അവന്‍ അടുത്ത മൂന്നോ നാലോ വര്‍ഷം ഓസ്ട്രേലിയയ്ക്കായി ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 2027-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അടുത്ത ലോകകപ്പില്‍ അവനുണ്ടാകുമോ എന്ന് ആര്‍ക്കറിയാം. പക്ഷേ, ഞങ്ങളുടെ വൈറ്റ്-ബോള്‍ ഫോര്‍മാറ്റിലെ പ്രധാന കളിക്കാരനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കടിപ്പിക്കും.'' കോച്ച് പറഞ്ഞു. 

Latest Videos

കഴിഞ്ഞ വര്‍ഷം സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ കാല്‍തെറ്റി വീണിരുന്നു താരം. വീഴ്ച്ചയില്‍ എല്ല് പൊട്ടുകയും ചെയ്തു. പിന്നീട് ആറ് മാസത്തെ വിശ്രമത്തിന് ശേഷമാണ് ടീമിലെത്തിത്. പിന്നീട് ഇന്ത്യയില്‍ നടന്ന ലോകകപ്പിനിടെ ഗോള്‍ഫ് കോര്‍ട്ടില്‍ തെന്നിവീണും താരത്തിന് പരിക്കേറ്റു. എന്തായാലും ടി20 ലോകകപ്പ് നടക്കാനിരിക്കെ മാക്‌സ്‌വെല്‍ തന്നെ കുറിച്ച് ഗൗരവമായി ചിന്തിക്കുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ.

ഇതിനിടെയാണ് വിന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ മാക്‌സിയെ ഉള്‍പ്പെടുത്തിരുന്നു. മൂന്ന് മത്സരങ്ങളാണ് ഓസീസ്, വിന്‍ഡീസിനെതിരെ കളിക്കുക.

ഓസ്ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീണ്‍ അബ്ബോട്ട്, ജാസന്‍ ബെഹ്റന്‍ഡോര്‍ഫ്, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്ഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്‍, മാറ്റ് ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

ഞാന്‍ വിസ ഓഫീസിലല്ല ഇരിക്കുന്നത്! ഇംഗ്ലീഷ് സ്പിന്നര്‍ ഷൊയൈബ് ബഷീറിന് വിസ ലഭിക്കാത്തതില്‍ പ്രതികരിച്ച് രോഹിത്
 

click me!