ഈ കളി ഇനിയും തുടരാന്‍ പറ്റില്ലെന്ന് സഹീര്‍ ഖാനും ജസ്റ്റിൻ ലാംഗറും, കെ എല്‍ രാഹുലിനെ ലഖ്നൗവും കൈവിടുന്നു

By Web Team  |  First Published Oct 23, 2024, 9:51 AM IST

ഐപിഎല്‍ ലേലത്തിന് മുമ്പ് കെ എല്‍ രാഹുലിനെ നിലനിര്‍ത്താന്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ട്.


ലഖ്നൗ: ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായേക്കുമെന്ന ഭീഷണിക്കിടയില്‍ ഐപിഎല്ലില്‍ കെ എല്‍ രാഹുലിനെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും കൈവിടുന്നു. നിലനിര്‍ത്തേണ്ട താരങ്ങളുടെ ലിസ്റ്റില്‍ രാഹുലിനെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ടീം മെന്‍ററായ സഹീര്‍ ഖാനും കോച്ച് ജസ്റ്റിന്‍ ലാംഗറും കണക്കുകള്‍ വിശദീകരിച്ച് ടീം മാനേജ്മെന്‍റിനെ ബോധ്യപ്പെടുത്തിയതായി ലഖ്നൗ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ സീസണുകളില്‍ രാഹുലിന്‍റെ പ്രകടനം വിലയിരുത്തിയാണ് സഹീറും ലാംഗറും ടീം മാനേജ്മെന്‍റിനെ കാര്യങ്ങള്‍ ധരിപ്പിച്ചത്. രാഹുല്‍ വലിയ ഇന്നിംഗ്സ് കളിച്ച മത്സരങ്ങളിൽ ലഖ്നൗ തോല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു എന്നതാണ് അതില്‍ പ്രധാനം. ഓപ്പണറായി ഇറങ്ങുന്ന രാഹുല്‍ വലിയ ഇന്നിംഗ്സ് കളിച്ചാല്‍ നിരവധി പന്തുകള്‍  നഷ്ടമാക്കുന്നത് പിന്നീട് വരുന്ന താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും കളിയുടെ വേഗത്തിന് അനുസരിച്ച് സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ പലപ്പോഴും രാഹുലിന് ആവുന്നില്ലെന്നും ഇരുവരും മാനേജ്മെന്‍റിന് മുമ്പില്‍ കണക്കുകള്‍ നിരത്തി വിശദീകരിച്ചു. ഇംപാക്ട് പ്ലേയര്‍ നിയമം ഉള്ളതുകൊണ്ടാണ് പലപ്പോഴും ലഖ്നൗവിന് മികച്ച സ്കോര്‍ നേടാനായിട്ടുള്ളതെന്നും ടോപ് ഓര്‍ഡറില്‍ ഇത്രമാത്രം പന്തുകള്‍ പാഴാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു.

Latest Videos

undefined

ഗംഭീറിനും രോഹിത്തിനും കോമൺസെൻസില്ല, ഇന്ത്യ ആദ്യ ടെസ്റ്റിൽ തോറ്റതിനെക്കുറിച്ച് തുറന്നടിച്ച് മുൻ താരം

കെ എല്‍ രാഹുലിനെ നിലനിര്‍ത്തുന്നതിനെക്കാള്‍ പേസര്‍ മായങ്ക് യാദവിനെ നിലനിര്‍ത്താനാണ് ലഖ്നൗ താല്‍പര്യപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ലഖ്നൗവിന്‍റെ ടോപ് 3 റീടെന്‍ഷനുകളില്‍ ഒന്ന് മായങ്ക് യാദവായിരിക്കും. മായങ്ക് ലഖ്നൗവിന്‍റെ കണ്ടെത്തലാണെന്നും അരും അറിയാതിരുന്ന മായങ്കിനെ കണ്ടെത്തിയതും വളര്‍ത്തിയതും ലഖ്നൗവാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മായങ്കിന് പുറമെ ഇതുവരെ ഇന്ത്യൻ ക്യാപ് ധരിച്ചിട്ടില്ലാത്ത ആയുഷ് ബദോനിയെയും മെഹ്സിന്‍ ഖാനെയും ടീം നിലനിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. റിഷഭ് പന്തിനെ ഡല്‍ഹി നിലനിര്‍ത്തുന്നില്ലെങ്കില്‍ ടീമിലെത്തിച്ച് ക്യാപ്റ്റനാക്കാന്‍ ലഖ്നൗവിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!