കാലം അനുവദിച്ചാല്‍ ഞാന്‍ വരും! 2026 ലോകകപ്പില്‍ കളിക്കുന്നതിനെ കുറിച്ച് ലിയോണല്‍ മെസി

By Web TeamFirst Published Dec 2, 2023, 3:24 PM IST
Highlights

ആരാധകരുടെ ആവശ്യത്തിന് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളാണ് മെസി നല്‍കുന്നത്. ലോകകപ്പിനുണ്ടാവുമെന്നാണ് മെസി പറയുന്നത്.

ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പില്‍ ലിയോണല്‍ മെസി കളിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. മെസി ഇതുവരെ അതിനെ കുറിച്ച് വ്യക്തത വരുത്തിയിട്ടൊന്നുമില്ല. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് അര്‍ജന്റൈന്‍ നായകന്‍. ഖത്തര്‍ ലോകകപ്പ് നേടിയതോടെ എല്ലാം സ്വന്തമാക്കിയെന്നും ഇനിയൊന്നും നേടാനില്ലെന്നും മെസി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അര്‍ജന്റൈന്‍ ടീമും ആരാധകര്‍ ഒന്നടങ്കവും ആഗ്രഹിക്കുന്നത് മെസി 2026 ലോകകപ്പിലും തുടരണമെന്നാണ്.

ആരാധകരുടെ ആവശ്യത്തിന് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളാണ് മെസി നല്‍കുന്നത്. ലോകകപ്പിനുണ്ടാവുമെന്നാണ് മെസി പറയുന്നത്. ''നന്നായി കളിക്കാനും ടീമിനായി അവസരങ്ങളൊരുക്കാനും സാധിക്കുന്നിടത്തോളം കാലം ഞാന്‍ അര്‍ജന്റീന ജേഴ്‌സിയിലുണ്ടാവും. അടുത്ത കോപ്പ അമേരിക്ക ടൂര്‍ണമെന്റ് കളിക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ. ലോകകപ്പിന് ഞാന്‍ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് കാലം തെളിയിക്കും. അടുത്ത ലോകകപ്പ് ആവുമ്പോള്‍ എനിക്ക് 39 വയസാവും. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ കളിക്കാന്‍ കഴിയുന്ന പ്രായമല്ലത്.'' മെസി വ്യക്താക്കി.

Latest Videos

ഇപ്പോള്‍ അനുവഭിക്കുന്ന ആനന്ദത്തെ കുറിച്ചും മെസി സംസാരിച്ചു. ''2022 ലോകകപ്പിനു ശേഷം ഞാന്‍ വിരമിക്കാനായിരുന്നു കരുതിയിരഗുന്നത്. എന്നാലിപ്പോള്‍ മറ്റെന്തിനേക്കാളും ടീമിനൊപ്പം നില്‍ക്കാനാണ് തോന്നുന്നത്. ഞങ്ങളിപ്പോള്‍ സവിശേമായ സമയത്തിലൂടെ കടന്നുപോവുകയാണ്. അത് പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോപ്പ അമേരിക്കയില്‍ നന്നായി കളിക്കാന്‍ സാധിച്ചേക്കാം. അതുവഴി ലോകകപ്പ് കഴിയുന്നത് വരെ എനിക്ക് തുടരാനും സാധിച്ചേക്കാം, അല്ലെന്നും വരാം. കണക്കുകൂട്ടാന്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണത്.'' - ഇഎസ്പിഎന്നിന് അനുവദിച്ച അഭിമുഖത്തില്‍ മെസി പറഞ്ഞു.

അടുത്തിടെ പുറത്തുവന്ന ഫിഫ റാങ്കിംഗില്‍ അര്‍ജന്റീന ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരുന്നു. തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ബ്രസീല്‍ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് വീണു. ഈ ഇന്റര്‍ നാഷണല്‍ ബ്രേക്കില്‍ ബ്രസീല്‍ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ഇതാണ് ബ്രസീലിന് റാങ്കിംഗില്‍ തിരിച്ചടിയായത്. 2023 ഏപ്രിലിലെ റാങ്കിംഗിലാണ് അര്‍ജന്റീന ബ്രസീലിനെ മറികടന്ന് ഒന്നാമതെത്തിയത്.

ഇന്ത്യ-ഓസീസ് നാലാം ടി20 പൂര്‍ത്തിയാക്കിയത് ജനറേറ്ററിന്റെ സഹായത്തില്‍! ചെലവിട്ടത് കോടികള്‍, കുടിശ്ശിക ഇരട്ടി

click me!