വാലറ്റത്തെ കൂട്ടുപിടിച്ച് വെടിക്കെട്ട് സെഞ്ചുറിയുമായി സച്ചിന്‍ ബേബി; ആസമിനെതിരെ കേരളം 419ന് പുറത്ത്

By Web TeamFirst Published Jan 13, 2024, 3:26 PM IST
Highlights

സ്കോര്‍ 217ല്‍ നില്‍ അര്‍ധസെഞ്ചുറി തികച്ച രോഹന്‍ പ്രേം(50) പുറത്തായി. പിന്നാലെ കൃഷ്ണപ്രസാദും(80) മടങ്ങി. പിന്നീടെത്തിയ വിഷ്ണു വിനോദിന് വലിയ സ്കോര്‍ നേടാനായില്ല. 19 റണ്‍സെടുത്ത് വിഷ്ണു വിനോദും റണ്‍സൊന്നുമെടുക്കാതെ അക്ഷയ് ചന്ദ്രനും പുറത്തായതോടെ കേരളം ബാറ്റിംഗ് തകര്‍ച്ചയിലായി.

ഗുവാഹത്തി: വാാലറ്റക്കാരെ ഒരുവശത്ത് നിര്‍ത്തി സച്ചിന്‍ ബേബി നേടിയ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആസമിനെതിരെ കേരളം ഒന്നാം ഇന്നിംഗ്സില്‍ രണ്ടാം ദിനം 419 രണ്‍സിന് ഓള്‍ ഔട്ടായി.148 പന്തില്‍ 131 റണ്‍സെടുത്ത് പൊരുതിയ സച്ചിന്‍ ബേബിയാണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം കേരളം ക്രീസിലിറങ്ങിയത്. 83 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹന്‍ കുന്നമ്മലിന്‍റെ വിക്കറ്റായിരുന്നു കേരളത്തിന് ആദ്യ ദിനം നഷ്ടമായത്. 52 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന കൃഷ്ണപ്രസാദിനൊപ്പം നാലു റണ്‍സുമായി രോഹന്‍ പ്രേമായിരുന്നു ക്രീസില്‍. രണ്ടാം ദിനം കൃഷ്ണപ്രസാദ് രോഹന്‍ പ്രേം സഖ്യം മികച്ച കൂട്ടുകെട്ടിലൂടെ കേരളത്തെ മുന്നോട്ട് നയിച്ചു.

Latest Videos

ബാറ്റ് വാങ്ങാൻ അച്ഛൻ 800 രൂപ കടം വാങ്ങി, കിറ്റ് വാങ്ങാൻ അമ്മ മാല പണയം വെച്ചു; ഒടുവിലാ സ്വപ്നനേട്ടത്തിൽ ജുറെൽ

സ്കോര്‍ 217ല്‍ നില്‍ അര്‍ധസെഞ്ചുറി തികച്ച രോഹന്‍ പ്രേം(50) പുറത്തായി. പിന്നാലെ കൃഷ്ണപ്രസാദും(80) മടങ്ങി. പിന്നീടെത്തിയ വിഷ്ണു വിനോദിന് വലിയ സ്കോര്‍ നേടാനായില്ല. 19 റണ്‍സെടുത്ത് വിഷ്ണു വിനോദും റണ്‍സൊന്നുമെടുക്കാതെ അക്ഷയ് ചന്ദ്രനും പുറത്തായതോടെ കേരളം ബാറ്റിംഗ് തകര്‍ച്ചയിലായി. ശ്രേയസ് ഗോപാല്‍(18) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വലിയ സ്കോര്‍ നേടിയില്ല, പിന്നാലെ ജലജ് സക്സേന(1) കൂടി വീണതോടെ നല്ല തുടക്കം കേരളം കളഞ്ഞു കുളിച്ചെന്ന് കരുതി.

എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും പൊരുതിയ സച്ചിന്‍ ബേബി വാലറ്റക്കാരായ ബേസില്‍ തമ്പിയെയും(16), എം ഡി നിഥീഷിനെയും(12) കൂട്ടുപിടിച്ച് സെഞ്ചുറിയിലെത്തി കേരളത്തെ 400 കടത്തി. 148 പന്തില്‍ 16 ഫോറും അഞ്ച് സിക്സും പറത്തിയ സച്ചിന്‍ 131 റണ്‍സെടുത്ത് പുറത്തായതോടെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. ആസമിനായി രാഹുല്‍ സിംഗും മുക്താര്‍ ഹൊസൈനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് ശര്‍മ രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!