കേരളത്തിന്റ അഭിമാനം! സെഞ്ചുറിക്ക് പിന്നാലെ സഞ്ജു സാംസണ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

By Web TeamFirst Published Dec 22, 2023, 3:30 PM IST
Highlights

രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ താരം സഞ്ജു സാംസണ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 108 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ സെഞ്ചുറി (108) കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയിരുന്നു. മുന്‍നിര തകര്‍ന്നപ്പോഴും മൂന്നാമനായി ബാറ്റിംഗിനെത്തിയ സഞ്ജു ഉത്തരവാദിത്തത്തോടെ ബാറ്റ് വീശി. രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.

പിന്നാലെയാണ് പിണറായി സഞ്ജുവിന് ആശംസയുമായി രംഗത്തെത്തിയത്. അദ്ദേഹം പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടി രാജ്യത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങള്‍. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. തന്റെ കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഞ്ജുവിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.'' പിണറായി കുറിച്ചിട്ടു.

Latest Videos

നേരത്തെ സഞ്ജുവിനെ പുകഴ്ത്തി ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ രംഗത്തെത്തിയിരുന്നു. മത്സരശേഷം രാഹുല്‍ പറഞ്ഞതിങ്ങനെ... ''ഐപിഎല്ലില്‍ സഞ്ജു ഒരു മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാറുണ്ട്. എന്നാല്‍ ദേശീയ ടീമിലെത്തുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ പല കാരണങ്ങളാല്‍ ടോപ് ഓര്‍ഡറില്‍ സ്ഥാനം ലഭിക്കാറില്ല. ധാരാളം അവസരങ്ങളും ലഭിച്ചില്ല, പക്ഷേ ഇന്ന് അവന്‍ നന്നായി കളിച്ചത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്.'' രാഹുല്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിനെ കുറിച്ചും രാഹുല്‍ സംസാരിച്ചു. ''ഇന്ത്യന്‍ നിരയില്‍ മികച്ച താരങ്ങളുണ്ട്. പക്ഷേ അവരില്‍ കുറച്ചുപേര്‍ അന്താരാഷ്ട്ര തലത്തില്‍ കളിച്ചിട്ടില്ല, അതിനാല്‍ അവര്‍ക്ക് പൊരുത്തപ്പെടാന്‍ കുറച്ച് സമയം നല്‍കണം. അവരെല്ലാം അവരുടെ 100% നല്‍കി. അതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല. നിരാശാജനകമായ ലോകകപ്പിന് ശേഷം ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തിയതില്‍ സന്തോഷം. ടീമിലെ താരങ്ങള്‍ക്കൊപ്പം ഐപിഎല്‍ കളിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇറങ്ങി അവരോടൊപ്പം കളിക്കുന്നതില്‍ സന്തോഷമുണ്ട്. സാധാരണയായി ഞാന്‍ കൊടുക്കുന്ന നിര്‍ദേശം എപ്പോഴും ഗെയിം ആസ്വദിക്കുക എന്നുള്ളതാണ്. നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കുക, ബാക്കിയുള്ളവയെക്കുറിച്ച് വിഷമിക്കേണ്ടതില്ല.'' രാഹുല്‍ വ്യക്തമാക്കി.

ഇതെല്ലാം സീനിയേഴ്‌സ് വെട്ടിത്തുറന്ന പാത! പ്ലെയര്‍ ഓഫ് മാച്ച് പുരസ്‌കാരത്തിന് ശേഷം അഭിമാനം കൊണ്ട് സഞ്ജു

click me!