ഒടുവിൽ ആ ചോദ്യത്തിന് ഉത്തരമായി; മുംബൈ ഇന്ത്യൻസ് നായകനൊപ്പം പരിശീലനം തുടങ്ങി ഇഷാന്‍ കിഷന്‍; കൂട്ടിന് ക്രുനാലും

By Web TeamFirst Published Feb 8, 2024, 11:40 AM IST
Highlights

മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദ്ദിക് പാണ്ഡ്യക്കും സഹോദരനും ലഖ്നൗ സൂപ്പര്‍ ജയന്‍റ് താരവുമായ ക്രുനാല്‍ പാണ്ഡ്യക്കുമൊപ്പമാണ് കിഷന്‍ ബാറ്റിംഗ് വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തുന്നത്.

ബറോഡ: ഇന്ത്യന്‍ ടീമില്‍ നിന്ന് വിശ്രമമെടുത്തശേഷം ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഒടുവില്‍ പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്. ബറോഡയിലെ കിരണ്‍ മോറെ ക്രിക്കറ്റ് അക്കാദമിയിലാണ് ഇഷാന്‍ കിഷന്‍ പരിശീലനം നടത്തുന്നതെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. കിഷന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്‍റെ അക്കാദമിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പരിശീലനം നടത്തുന്നുണ്ടെന്ന കാര്യം കിരണ്‍ മോറെയും സ്ഥിരീകരിച്ചു.

മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദ്ദിക് പാണ്ഡ്യക്കും സഹോദരനും ലഖ്നൗ സൂപ്പര്‍ ജയന്‍റ് താരവുമായ ക്രുനാല്‍ പാണ്ഡ്യക്കുമൊപ്പമാണ് കിഷന്‍ ബാറ്റിംഗ് വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലുണ്ടായിരുന്ന കിഷന്‍ ടി20 പരമ്പരക്കിടെ പെട്ടെന്ന് വിശ്രമം ആവശ്യപ്പെട്ട് മടങ്ങിയത് സെലക്ടര്‍മാരെ ചൊടിപ്പിച്ചിരുന്നു.

Latest Videos

ഒടുവില്‍ തീരുമാനമായി, ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്, കോലിയുണ്ടാവില്ല, പക്ഷെ രണ്ട് സൂപ്പർ താരങ്ങൾ തിരിച്ചെത്തും

ടീം വിട്ട കിഷന്‍ ദുബായിയില്‍ സഹോദരന്‍റെ ബര്‍ത്ത് ഡേ പാര്‍ട്ടിയിലും മറ്റൊരു സ്വകാര്യ ചടങ്ങിലും പങ്കെടുക്കുകയും ചെയ്തു. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം ജാര്‍ഖണ്ഡിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാവാതിരുന്ന കിഷന്‍റെ നടപടിയും ടീം മാനേജ്മെന്‍റിന്‍റെ അപ്രീതിക്ക് കാരണമായിരുന്നു. തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചാല്‍ കിഷന് ടീമില്‍ തിരിച്ചെത്താമെന്ന് ഇന്ത്യൻ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിട്ടും കിഷന്‍ ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫി കളിക്കാന്‍ തയാറായില്ല.

ഇന്ത്യന്‍ കീപ്പറെന്ന നിലയില്‍ കെ എസ്‍ ഭരത് ആദ്യ രണ്ട് ടെസ്റ്റിലും ബാറ്റിംഗില്‍ നിറം മങ്ങിയിരുന്നു. ഇഷാന്‍ കിഷനുണ്ടായിരുന്നെങ്കില്‍ ഭരതിന് പകരം ഉറപ്പായും പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടുമായിരുന്നു. എന്നാല്‍ ടീം മാനേജ്മെന്‍റിന്‍റെ അപ്രീതിക്ക് കാരണമായതിനാല്‍ കിഷനെ അവസാന മൂന്ന് ടെസ്റ്റിനും പരിഗണിക്കാനിടയില്ല. ഇതിനിടെയാണ് കിഷന്‍ ഐപിഎല്ലിന്‍റെ മുന്നൊരുക്കമെന്ന നിലയില്‍ ഹാര്‍ദ്ദിക്കിനൊപ്പം പരിശീലനം പുനരാരംഭിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!