ഐപിഎൽ മെഗാ ലേലത്തിൽ 9.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ദീപക് ചഹറിനെ സ്വന്തമാക്കിയത്.
ഞായറാഴ്ച ചെപ്പോക്കിൽ നടന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടത്തിൽ ശ്രദ്ധേയമായത് മലയാളി താരം വിഘ്നേഷ് പുത്തൂരായിരുന്നെങ്കിലും മുംബൈ നിരയിൽ തിളങ്ങിയ മറ്റൊരു താരം കൂടിയുണ്ടായിരുന്നു. ചെന്നൈ വിട്ട് മുംബൈയിലെത്തിയ ഓൾ റൗണ്ടർ ദീപക് ചഹർ. ബാറ്റിംഗിൽ വലിയ തിരിച്ചടി നേരിട്ട മുംബൈയെ 155 എന്ന ഭേദപ്പെട്ട സ്കോറിലേയ്ക്ക് എത്തിച്ചത് അവസാന ഓവറുകളിൽ ദീപക് ചഹർ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു.
15 പന്തുകൾ നേരിട്ട ദീപക് ചഹർ 28 റൺസുമായി പുറത്താകാതെ നിന്നതോടെയാണ് മുംബൈയുടെ സ്കോർ 150 കടന്നത്. 2 ബൗണ്ടറികളും 2 സിക്സറുകളുമാണ് ചഹറിന്റെ ബാറ്റിൽ നിന്ന് പിറന്നത്. പന്ത് കൊണ്ടും ദീപക് ചഹർ തന്റെ പഴയ ടീമിനെ വെള്ളം കുടിപ്പിക്കുന്നതാണ് കണ്ടത്. 2 ഓവറുകളിൽ വെറും 18 റൺസ് മാത്രം വിട്ടുകൊടുത്ത ചഹർ ഒരു വിക്കറ്റും സ്വന്തമാക്കി. ഓപ്പണർ രാഹുൽ ത്രിപാഠിയുടെ വിക്കറ്റാണ് ദീപക് ചഹർ വീഴ്ത്തിയത്. ചെന്നൈയുടെ ബാറ്റിംഗിനിടെ തന്റെ മുൻകാല സഹതാരങ്ങളായ രവീന്ദ്ര ജഡേജയെയും മഹേന്ദ്ര സിംഗ് ധോണിയെയും ദീപക് ചഹർ സ്ലെഡ്ജ് ചെയ്യുന്ന കാഴ്ചയും കൗതുകമുണർത്തി. ജഡേജയും ധോണിയും ചഹറിനെ തമാശരൂപേണ ബാറ്റ് കൊണ്ട് അടിക്കാൻ തുനിയുന്നതും കാണാമായിരുന്നു.
ചെന്നൈയ്ക്ക് എതിരായ ഗംഭീര പ്രകടനത്തിന് പിന്നാലെ ദീപക് ചഹറിനെ കട്ടപ്പയോട് ഉപമിച്ച് സഹോദരി മാൽതി ചഹർ രംഗത്തെത്തി. ചഹറിന്റെ ചിത്രങ്ങൾക്കൊപ്പം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ കട്ടപ്പ റഫറൻസും ചേർത്ത് മാൽതി ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചു. ചഹർ ബാറ്റ് ചെയ്യുന്നതിന്റെയും വിക്കറ്റ് വീഴ്ത്തി ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങൾക്കൊപ്പം ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുടെ ചിത്രവും ചേർത്തായിരുന്നു മാൽതിയുടെ സ്റ്റോറി. ജഡേജയെയും ധോണിയെയും സ്ലെഡ്ജ് ചെയ്യുന്ന ചഹറിന്റെ വീഡിയോയും മാൽതി പങ്കുവെച്ചിട്ടുണ്ട്. താരലേലത്തിൽ പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പർ കിംഗ്സും ദീപക് ചഹറിനെ സ്വന്തമാക്കാനായി രംഗത്തെത്തിയിരുന്നു. എന്നാൽ, ആവേശകരമായ ലേലം വിളികൾക്കൊടുവിൽ മുംബൈ ഇന്ത്യൻസാണ് 9.25 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയത്.
READ MORE: ആവേശപ്പോരിൽ മുംബൈയെ മറികടന്ന് ചെന്നൈ; തോൽവിയിലും തലയുയർത്തി മുംബൈയുടെ വണ്ടർ ബോയ് വിഘ്നേഷ്