ക്യാപ്റ്റന്‍ സഞ്ജു സാംസണ് പരിക്കേറ്റതോടെ ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗ് ആണ് രാജസ്ഥാനെ നയിക്കുന്നത്.
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയതിന് പിന്നാലെ ടീമിന്‍റെ പാളിച്ചകള്‍ തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം വസീം ജാഫര്‍. രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണിന്‍റെ നിഴല്‍ മാത്രമാണെന്ന് വസീം ജാഫര്‍ പറഞ്ഞു.
ലേലത്തിന് മുമ്പ് ബട്‌ലറെയും ബോള്‍ട്ടിനെയും ചാഹലിനെയും അശ്വിനെയും പോലെയുള്ള വമ്പന്‍ താരങ്ങളെ കൈവിട്ടു. എന്നാല്‍ അവര്‍ക്ക് പറ്റിയ പകരക്കാരെ കണ്ടെത്താനുമായില്ല. അതുകൊണ്ട് ഈ സീസൺ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കുമെന്ന് വസീം ജാഫര്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു. ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റ രാജസ്ഥാന്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടും തോറ്റിരുന്നു.
ക്യാപ്റ്റന്‍ സഞ്ജു സാംസണ് പരിക്കേറ്റതോടെ ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗ് ആണ് രാജസ്ഥാനെ നയിക്കുന്നത്. ആദ്യ മൂന്ന് കളികളിലും ബാറ്ററായി മാത്രമാണ് സഞ്ജു കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്തിയ രാജസ്ഥാന്‍ ഈ സീസണിലെ അടുത്ത മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് നേരിടാനിറങ്ങുന്നത്.
ബാറ്റിംഗ് നിരയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലും ഇന്ത്യൻ താരങ്ങളെ കളിപ്പിക്കുന്ന രാജസ്ഥാന്‍റെ ഏക വിദേശ ബാറ്റര്‍ ഫിനിഷറായി ഇറങ്ങുന്ന ഷിമ്രോണ്‍ ഹെറ്റ്മെയര്‍ മാത്രമാണ്. സ്പിന്‍ നിരയില്‍ മഹീഷ തീക്ഷണയും വാനിന്ദു ഹസരങ്കയുമുണ്ടെങ്കിലും പേസ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ ആദ്യ രണ്ട് കളിയിലും നിരാശപ്പെടുത്തിയതും രാജസ്ഥാന് തിരിച്ചടിയായി. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ എട്ട് ജയവുമായി മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. ഇത്തവണ സീസണിലെ ആദ്യ രണ്ട് കളികളും തോറ്റതോടെ നിലവില്‍ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക