ഐപിഎല്‍ നോക്കൗട്ട് ഘട്ടത്തോടെ മാത്രമെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി അന്തിമ തീരുമാനമെടുക്കൂ.
മുംബൈ: ജൂണില്‍ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ ഇന്ത്യൻ ക്യാപ്റ്റനായി തുടരുമെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ രോഹിത്തിനെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചാമ്പ്യൻസ് ട്രോഫി വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ രോഹിത്തിനെ നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ തയാറാകുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അവസാനം കളിച്ച 10 ടെസ്റ്റുകളില്‍ 164 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. രോഹിത്തിന് കീഴില്‍ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 0-3ന്‍റെ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 1-3ന് തോറ്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താതെ പുറത്താവുകയും ചെയ്തിരുന്നു.
ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി പരാഗിന്‍റെ കാലില്‍ വീണ് ആരാധകന്‍, വാടകയ്ക്ക് എടുത്തതോ എന്ന് ആരാധകര്‍
ഐപിഎല്‍ നോക്കൗട്ട് ഘട്ടത്തോടെ മാത്രമെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി അന്തിമ തീരുമാനമെടുക്കൂ എന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യൻ എ ടീം ഇംഗ്ലണ്ടില്‍ രണ്ട് പരിശീലന മത്സരങ്ങള്‍ കളിക്കുന്നുണ്ട്. മുന്‍നിര താരങ്ങളെ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്. പരിക്കുമൂലം ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പേസര്‍ ജസ്പ്രീത് ബുമ്രയുടെ ഫിറ്റ്നെസിന്‍റെ കാര്യവും സെലക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ മലയാളി താരം കരുണ്‍ നായരെ പരിശീലന മത്സരത്തിനുള്ള എ ടീമിലും ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. കരുണ്‍ നായര്‍ ടീമിലെത്തിയാല്‍ സര്‍ഫറാസ് ഖാനാകും പുറത്താകുക എന്നാണ് സൂചന. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന സര്‍ഫറാസിന് പ്ലേയിംഗ് ഇലവനില്‍ കാര്യമായി അവസരം ലഭിച്ചിരുന്നില്ല. മെയ് 20, 21, 23 തീയതികളിലാണ് ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുന്നത്. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക