തൃശൂർ പുതുക്കാട് മണലിപ്പുഴയിൽ മീനുകൾ ചത്തുപൊങ്ങുന്നത് ആശങ്കയുണ്ടാക്കുന്നു. വെള്ളത്തിൽ നിറവ്യത്യാസമുണ്ടെന്നും പരാതിയുണ്ട്. കാരണം കണ്ടെത്തണമെന്നും ജലം പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
തൃശൂർ: പുതുക്കാട് മണലിപ്പുഴയില്‍ ചത്തുപൊങ്ങുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പുഴയിലെ വെള്ളത്തിലും നിറവ്യത്യാസമുള്ളതായും പരാതി. സംഭവത്തിന്റെ കാരണം കണ്ടെത്തണമെന്നും മണലിപ്പുഴയിലെ ജലം പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. എറവക്കാട് ഓടഞ്ചിറ ഷട്ടര്‍ തുറന്നതിനു ശേഷമാണ് വെള്ളത്തില്‍ നിറവ്യത്യാസം കണ്ടുതുടങ്ങിയതെന്നും മീനുകള്‍ ചത്തുപൊങ്ങുന്ന സ്ഥിതി ഉണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.
മണലിപ്പാലത്തിന് സമീപം വരെ മണലിപ്പുഴയില്‍ സമാന അവസ്ഥയാണുള്ളത്. കുടിവെള്ള പദ്ധതിയ്ക്ക് അടക്കം ഉപയോഗിക്കുന്ന വെള്ളമാണിത്. ഷട്ടര്‍ തുറക്കുമ്പോള്‍ നഞ്ചു കലക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധിയാളുകള്‍ ആശ്രയിക്കുന്ന ജലം മലിനമായതിന്റെ കാരണം പരിശോധന നടത്തി കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മാലിന്യ കൂമ്പാരം കൊണ്ട് നികത്തിയെടുക്കുന്ന കുഴികളും കാലങ്ങളായി ലവണാംശം അടിഞ്ഞ് തരിശ്ശായി കിടക്കുന്ന കളിമണ്ണെടുത്ത അഗാധ ഗര്‍ത്തങ്ങളും മഴയില്‍ നിറഞ്ഞ് പുഴയിലേക്ക് ഒഴുകിയതാണോ, പുഴയില്‍ വിഷമയമായ എന്തെങ്കിലും കലര്‍ന്നതാണോയെന്നും വ്യക്തത ഉണ്ടാകണമെന്ന് മണലിപ്പുഴസംരക്ഷണ സമിതിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ആവശ്യപ്പെട്ടു.