ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. ലക്‌നൗ ആവട്ടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു.
ഹൈദരാബാദ്: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്ത്, ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. ലക്‌നൗ ആവട്ടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു. ഒരു മാറ്റവുമായിട്ടാണ് ലക്‌നൗ ഇറങ്ങുന്നത്. ഷഹ്ബാസ് അഹമ്മദിന് പകരം ആവേശ് ഖാന്‍ ടീമിലെത്തി. ഹൈദരാബാദ് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ആയുഷ് ബഡോണി, ശാര്‍ദുല്‍ താക്കൂര്‍, രവി ബിഷ്നോയ്, അവേഷ് ഖാന്‍, ദിഗ്വേഷ് രതി, പ്രിന്‍സ് യാദവ്.
മറ്റൊരു ഹൈ സ്‌കോറിംഗ് ഗെയിമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതത്. എന്നാല്‍ ബൗളിങ്ങാണ് ഇരു ടീമുകളുടേയും പ്രശ്‌നം. ആദ്യ മത്സരങ്ങളില്‍ രണ്ട് ടീമുകളുടേയും ബോളര്‍മാര്‍ കണക്കിന് തല്ല് വാങ്ങി. ഷമിയുടെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്‌സ് ബോളര്‍മാരില്‍ കമ്മിന്‍സും ഹര്‍ഷല്‍ പട്ടേലുമുണ്ട്. എന്നിട്ടും രാജസ്ഥാന്‍ 211 റണ്‍സെടുത്തു. ലക്‌നൗവിനാകട്ടെ പേരെടുത്ത് പറയാന്‍ ഒരു സ്റ്റാര്‍ ബൗളറില്ല. ഡല്‍ഹിയുടെ യംഗ് പിള്ളേരാണ് ലക്‌നൗ ബോളര്‍മാരെ തകര്‍ത്തത്.
പരിചയസമ്പത്തുള്ള ഷാര്‍ദുല്‍ താക്കൂറിനെ ഡെത്ത് ഓവറില്‍ പന്തേല്‍പ്പിക്കാത്തതിന് നായകന്‍ റിഷഭ് പന്ത് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ക്യാപ്റ്റന്‍ പന്തിനും പന്തിന്റെ തന്ത്രങ്ങള്‍ക്കും ഇന്ന് അഗ്‌നിപരീക്ഷയാണ്. ഹൈദരാബാദിന്റെ വെടിക്കെട്ട് സംഘത്തെ പിടിച്ചു നിര്‍ത്താനുള്ള എന്ത് തന്ത്രമാകും പന്തിന്റെ തലയിലെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.