മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത കുല്‍ദീപിന്‍റെ സ്പിന്നിന് മുന്നിലാണ് കൊല്‍ക്കത്ത നടുവൊടിഞ്ഞ് വീണത്. വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് ഇത്തവണ ലക്ഷ്യമിടുന്ന കുല്‍ദീപ് പക്ഷെ ആ തൊപ്പി തന്‍റെ പ്രിയ കൂട്ടുകാരന് ലഭിക്കണമെന്നതാണ് ആഗ്രഹമെന്ന് മത്സരശേഷം പറഞ്ഞു.
മുംബൈ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്ഡ്-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്(Kolkata Knight Riders vs Delhi Capitals) പോരാട്ടം കുല്‍ദീപ് യാദവിന്(Kuldeep Yadav) വെറുമൊരു മത്സരമായിരുന്നില്ല. കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത താരമായിരുന്നു കുല്‍ദീപ്. 2020ലെ ഐപിഎല്‍ സീസണില്‍ ഫോം മങ്ങിയ കുല്‍ദീപിനെ കഴിഞ്ഞ സീസണില്‍ ഒറ്റ മത്സരത്തില്‍ പോലും കൊല്‍ക്കത്ത കളിപ്പിച്ചില്ല. ഇതോടെ ഈ സീസണില്‍ കൊല്‍ക്കത്ത വിട്ട് ഡല്‍ഹിക്കൊപ്പം ചേര്‍ന്ന കുല്‍ദീപ് യാദവ് ഇപ്പോള്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്താണ്.
ആ നേട്ടത്തിന് പ്രധാന കാരണം ഇന്നലെ തന്‍റെ പഴയ ടീമായ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ നാലു വിക്കറ്റ് നേടിയ പ്രകടനവും. മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത കുല്‍ദീപിന്‍റെ സ്പിന്നിന് മുന്നിലാണ് കൊല്‍ക്കത്ത നടുവൊടിഞ്ഞ് വീണത്. വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് ഇത്തവണ ലക്ഷ്യമിടുന്ന കുല്‍ദീപ് പക്ഷെ ആ തൊപ്പി തന്‍റെ പ്രിയ കൂട്ടുകാരന് ലഭിക്കണമെന്നതാണ് ആഗ്രഹമെന്ന് മത്സരശേഷം പറഞ്ഞു. മറ്റാരുമല്ല, ഇന്ത്യന്‍ ടീമിലെ സഹതാരവും രാജസ്ഥാന്‍ റോയല്‍സ് താരവുമായ യുസ്‌വേന്ദ്ര ചാഹലിന്. ചാഹലാണ് ഇപ്പോള്‍ ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ കുല്‍ദീപിന് മുന്നിലുള്ള ഒരേയൊരു ബൗളര്‍.
undefined
പര്‍പ്പിള്‍ ക്യാപ് ചാഹല്‍ നേടുന്നത് കാണാനാണ് ആഗ്രഹമെന്ന് തുറന്നു പറയാന്‍ കുല്‍ദീപിന് ഒരു കാരണമുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്നും കൊല്‍ക്കത്തയുടെ ആദ്യ ഇലവനില്‍ നിന്നും പുറത്തായി കരിയര്‍ പ്രതിസന്ധിയിലായ തന്‍റെ കൂടെ എല്ലായ്പ്പോഴും പിന്തുണയുമായി നിന്നത് ചാഹല്‍ മാത്രമാണെന്ന് കുല്‍ദീപ് പറയുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പര്‍പ്പിള്‍ ക്യാപ് അവന്‍ നേടണമെന്നാണ് ആഗ്രഹം. അവനുമായി ഒരിക്കലും മത്സരമില്ല. അവന്‍ എന്നെ എല്ലായ്പ്പോഴും പ്രചോദിപ്പിക്കാറുണ്ട്. എന്‍റെ ജേഷ്ഠസഹോദരനെപ്പോലെയാണ് ചാഹല്‍. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടനിന്നയാള്‍. അതുകൊണ്ട് തന്നെ ഹൃദയംകൊണ്ട് ഞാന്‍ ആഹ്രഹിക്കുന്നത് ചാഹല്‍ പര്‍പ്പിള്‍ ക്യാപ് നേടണമെന്നാണ്. കാരണം കഴിഞ്ഞ നാലു വര്‍ഷമായി അദ്ദേഹം അസാമാന്യ മികവോടെയാണ് പന്തെറിയുന്നത്.
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോവേണ്ടിവന്നത് തന്നെ മികച്ച ബൗളറാക്കിയതിനൊപ്പം മാനസികമായും കരുത്തുറ്റവനാക്കിയെന്നു കുല്‍ദീപ് പറഞ്ഞു. ജീവിതത്തില്‍ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ ആണ് നമ്മള്‍ മെച്ചപ്പെടാനുള്ള വഴികള്‍ തേടുക. അങ്ങനെയാണ് ഞാനും മെച്ചപ്പെട്ടത്. വീഴ്ചകളെ ഞാനിപ്പോള്‍ ഭയപ്പെടുന്നില്ല. കൊല്‍ക്കത്തെക്കെതിരെ ശ്രേയസ അയ്യരുടെ അടക്കം നാലു വിക്കറ്റ് വീഴ്ത്തിയതില്‍ ആന്ദ്രെ റസലിന്‍റെ വിക്കറ്റാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് കുല്‍ദീപ് പറഞ്ഞു.
റസലിന്‍റെ വിക്കറ്റെടുക്കാന്‍ എനിക്കിഷ്ടമാണ്. ഇന്നലത്തെ മത്സരത്തില്‍ ഞാനൊരുക്കിയ കെണിയില്‍ റസല്‍ വീഴുകയായിരുന്നു. കാരണം ഒന്നോ രണ്ടോ പന്തുകള്‍ പ്രതിരോധിച്ചാല്‍ അദ്ദേഹം ക്രീസില്‍ നിന്ന് ചാടിയിറങ്ങുമെന്ന് എനിക്കറിയാമായിരുന്നു. എന്‍റെ കരിയറിലെ ഏറ്റവും മികച്ച ഐപിഎല്‍ സീസണാണിത്. എന്‍റെ ബൗളിംഗ് ഞാന്‍ ആസ്വദിക്കുന്നു-കുല്‍ദീപ് പറഞ്ഞു.