ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരേയും സൂര്യകുമാര്‍ അര്‍ധസെഞ്ചുറി നേടി. 15 മത്സരത്തില്‍ നിന്ന് 461 റണ്‍സാണ് സൂര്യകുമാര്‍ സീസണില്‍ നേടിയത്.
ദുബായ്: ഇന്ത്യന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലുണ്ടാവുമെന്ന് പലരും കരുതിയ താരമാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും താരത്തെ സെലക്റ്റര്‍മാര്‍ തഴഞ്ഞു. ഇന്നലെ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരേയും സൂര്യകുമാര്‍ അര്‍ധസെഞ്ചുറി നേടി. 15 മത്സരത്തില്‍ നിന്ന് 461 റണ്‍സാണ് സൂര്യകുമാര്‍ സീസണില്‍ നേടിയത്.
ഈയൊരു പ്രകടനത്തോടെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും സൂര്യകുമാറിനെ കുറിച്ച് സംസാരിക്കുകയാണ്. ''സൂര്യകുമാര്‍ ഇന്ത്യന്‍ ജേഴ്‌സി അണിയാനുള്ള സമയമായി. ഇനിയും 6-7വര്‍ഷങ്ങള്‍ക്കൂടി അവന്റെ മുന്നിലുണ്ട്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍. ബാറ്റ് ചെയ്യുമ്പോള്‍ പൂര്‍ണ നിയന്ത്രണമുണ്ട്. ടി20 ക്രിക്കറ്റില്‍ മാത്രമല്ല,അവനെ ടി20 താരമായി മാത്രം കണക്കാക്കരുത്. 50 ഓവര്‍ ക്രിക്കറ്റിലും തിളങ്ങാന്‍ അവന് സാധിക്കും.'' ഗംഭീര്‍ പറഞ്ഞു.
undefined
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ വിട്ടുകൊടുത്തത് മണ്ടത്തരമായെന്നും ഗംഭീര്‍ വ്യക്തമാക്കി. ''നാല് വര്‍ഷത്തോളം ഒരു താരത്തെ വളര്‍ത്തിക്കൊണ്ട് വന്ന ശേഷം അവനെ പോകാന്‍ അനുവദിച്ചത് മണ്ടത്തരമായി. കൊല്‍ക്കത്തയില്‍ അവന്‍ പ്രധാന താരമല്ലായിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയപ്പോള്‍ അവന്‍ മറ്റൊരു താരമായി. കൊല്‍ക്കത്തയുടെ നഷ്ടം മുംബൈയുടെ നേട്ടമായി മാറുകയായിരുന്നു.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.
38 പന്തുകള്‍ നേരിട്ട് ആറ് ഫോറും രണ്ട് സിക്സുമടക്കം 51 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. കൊല്‍ക്കത്തയില്‍ മധ്യനിര താരമായിരുന്നു സൂര്യകുമാര്‍ മുംബൈയിലെത്തിയപ്പോള്‍ മുന്‍നിരയില്‍ കളിക്കുകയായിരുന്നു.