ഐപിഎൽ - കൊച്ചി ടസ്കേഴ്സ് വിവാദം; ശശി തരൂരിനും ഗാന്ധി കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ലളിത് മോദി

By Web Team  |  First Published Nov 27, 2024, 9:29 PM IST

സുനന്ദ പുഷ്കറിനെ കുറിച്ച് കൂടുതൽ അറിയണമെന്ന് ടീം ഫ്രാഞ്ചൈസി ഉടമകളെ അറിയിച്ചതിന് പിന്നാലെ ശശി തരൂർ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. 


ദില്ലി: ഇന്ത്യ പ്രീമിയർ ലീഗിലെ കൊച്ചി ടസ്കേഴ്സ് ടീമുമായി ബന്ധപ്പെട്ട വിവാദത്തിൽ, ശശി തരൂരിനും ഗാന്ധി കുടുംബത്തിനുമെതിരെ ആരോപണങ്ങളുമായി ഐപിഎല്‍ മുന്‍ ചെയര്‍മാനും ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റുമായ ലളിത് മോദി. സുനന്ദ പുഷ്കറിന്റെ പശ്ചാത്തലം അന്വേഷിച്ചാൽ ഇ.ഡിയുടെ റെയ്ഡുണ്ടാകുമെന്ന് ശശി തരൂർ ഭീഷണിപ്പെടുത്തിയതായി ലളിത് മോദി ആരോപിച്ചു

2010ൽ ശശി തരൂരിന് കേന്ദ്ര സഹമന്ത്രി സ്ഥാനവും ലളിത് മോഡിക്ക് ഐപിഎൽ ചെയർമാൻ സ്ഥാനവും നഷ്മാകാൻ കാരണമായ കൊച്ചി ടസ്കേഴ്സ് വിവാദത്തിലാണ് പുതിയ ആരോപണവുമായി ലളിത് മോദി രംഗത്തെത്തിയിരിക്കുന്നത്. കൊച്ചി ടീമിന്റെ ഉടമകളായ റോൺഡേവൂ കൺസോർഷ്യത്തിൽ സുനന്ദ പുഷ്കർ എന്ന പ്രവാസി വനിതയ്ക്ക് 4.75 ശതമാനം വിയപ്പ് ഓഹരിയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്ക് സംശയം തോന്നിയതായി ലളിത് മോദി പറയുന്നു. ബിസിസിഐയ്ക്ക് വേണ്ടി താൻ കരാറിൽ ഒപ്പിടണമെങ്കിൽ സുനന്ദയെ കുറിച്ച് കൂടുതൽ അറിയണമെന്ന് ഫ്രാഞ്ചൈസി ഉടമകളെ അറിയിച്ചതിന് പിന്നാലെ ശശി തരൂർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ലളിത് മോദി ഒരു അഭിമുഖത്തിൽ സംസാരിക്കവെ ആരോപിച്ചിരിക്കുന്നത്.

Latest Videos

undefined

പിന്നാലെ കരാറിൽ ഒപ്പിടാൻ വൈകരുതെന്നും കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഇക്കാര്യത്തിൽ സമ്മർദ്ദമുണ്ടെന്നും പറഞ്ഞ് ബിസിസിഐ പ്രസിഡൻറ് ശശാങ്ക് മനോഹർ തന്നെ വിളിച്ചെന്നും ലളിത് മോദി പറയുന്നു. കരാർ ഒപ്പിട്ടതിന് പിന്നാലെ ഫ്രാഞ്ചൈസിയിലെ ഓഹരി പങ്കാളിത്തത്തിന്റെ വിശദാംശങ്ങൾ ലളിത് മോദി ട്വിറ്റിൽ പങ്കുവെച്ചത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തുകയും ശശി തരൂരിന് രാജിവയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. 2011ലെ ഒറ്റ സീസണോടെ ടസ്കേഴ്സ് ഐപിഎല്ലിൽ നിന്ന് പുറത്തായെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ലെന്ന് തന്നെയാണ് ലളിത് മോഡിയുടെ പുതിയ അഭിമുഖവും സൂചിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!