എട്ടാം സ്ഥാനത്തുള്ള യശസ്വി ജയ്സ്വാളാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. റുതുരാജ് ഗെയ്ക്‌വാദ് പതിനഞ്ചാം സ്ഥാനത്തുണ്ട്.
ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യൻ താരം തിലക് വര്‍മ. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയതോടെയാണ് സൂര്യകുമാര്‍ യാദവിനെ മറികടന്ന് തിലക് വര്‍മ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്ത് തന്നെയാണ്. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് ശേഷം ടി20 മത്സരങ്ങളൊന്നും കളിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി.
എട്ടാം സ്ഥാനത്തുള്ള യശസ്വി ജയ്സ്വാളാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. റുതുരാജ് ഗെയ്ക്‌വാദ് പതിനഞ്ചാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ 34-ാം റാങ്കിലാണ്. ടി20 ബൗളിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോൾ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയാണ് രണ്ടാമത്. ഇന്ത്യയുടെ രവി ബിഷ്ണോയ് എട്ടാമതും അര്‍ഷ്ദീപ് സിംഗ് ഒമ്പതാമതും അക്സര്‍ പട്ടേല്‍ പതിമൂന്നാമതുമുണ്ട്.
ഏകദിന ബൗളിംഗ് റാങ്കിംഗില്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്ക് ഒന്നാം സ്ഥാനം നഷ്ടമായതാണ് മറ്റൊരു പ്രധാന മാറ്റം. അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ അഫ്രീദി രണ്ടാം സ്ഥാനത്തായി. ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഏഴാമതും മുഹമ്മദ് സിറാജ് എട്ടാമതുമുണ്ട്. ടി20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അക്സര്‍ പട്ടേല്‍ പതിമൂന്നാം സ്ഥാനത്ത് തുടരുന്നു. വരുന്ന ആഴ്ചകളില്‍ ടി20 മത്സരങ്ങളില്ലാത്തതിനാല്‍ റാങ്കിംഗില്‍ വലിയ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയാണ് സഞ്ജു സാംസണ്‍ റാങ്കിംഗില്‍ കുതിപ്പ് നടത്തിയത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയ സഞ്ജു പിന്നീട് തുടര്‍ച്ചയായി രണ്ട് കളികളില്‍ ഡക്കായതാണ് ആദ്യ പത്തിലെത്തുന്നതില്‍ തടസമായത്. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക