ഐപിഎല്ലിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസവാര്‍ത്ത

By Web Team  |  First Published Sep 18, 2020, 8:30 PM IST

പാക്കിസ്ഥാനെതിരായ പരമ്പരക്കിടെ പിന്‍മാറിയ സ്റ്റോക്സ് ഇംഗ്ലണ്ട്-ഓസ്ട്രേലിയ പരമ്പരയിലും കളിച്ചിരുന്നില്ല. സ്റ്റോക്സ് ഐപിഎല്ലിനെത്തുമോ എന്ന കാര്യത്തില്‍ ടീം മാനേജ്മെന്റിനും ഉറപ്പൊന്നും ലഭിച്ചിരുന്നില്ല.


ദുബായ്: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസവാര്‍ത്ത. വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ട്- പാക്കിസ്ഥാന്‍ പരമ്പരക്കിടെ പിന്‍മാറിയ ഇംഗ്ലണ്ട് താരവും റോയല്‍സ് ഓള്‍ റൗണ്ടറുമായ ബെന്‍ സ്റ്റോക്സ് പരിശീലനം പുനരാരംഭിച്ചു.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പിതാവ് ജെറാര്‍ഡ് സ്റ്റോക്സിനൊപ്പം ജന്‍മനാടായ ന്യൂസിലന്‍ഡിലാണ് സ്റ്റോക്സ് ഇപ്പോള്‍. ക്രൈസ്റ്റ്ചര്‍ച്ചിലാണ് സ്റ്റോക്സ് ഇന്ന് പരിശീലനത്തിനിറങ്ങിയത്. പരിശീലനം തുടങ്ങിയിലെങ്കിലും ഐപിഎല്ലില്‍ 22ന് നടക്കുന്ന ചെന്നൈക്കെതിരായ രാജസ്ഥാന്റെ ആദ്യ മത്സരത്തിന് മുമ്പ് സ്റ്റോക്സ് ടീമിനൊപ്പം ചേരാനുള്ള സാധ്യത വിദൂരമാണ്.

പാക്കിസ്ഥാനെതിരായ പരമ്പരക്കിടെ പിന്‍മാറിയ സ്റ്റോക്സ് ഇംഗ്ലണ്ട്-ഓസ്ട്രേലിയ പരമ്പരയിലും കളിച്ചിരുന്നില്ല. പിതാവിന്റെ ചികിത്സാര്‍ത്ഥം ഒരു മാസമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്റ്റോക്സ് ഐപിഎല്ലിനെത്തുമോ എന്ന കാര്യത്തില്‍ ടീം മാനേജ്മെന്റിനും ഉറപ്പൊന്നും ലഭിച്ചിരുന്നില്ല. ഐപിഎല്ലിലെ ആദ്യമത്സരങ്ങള്‍ നഷ്ടമായാലും സ്റ്റോക്സ് വൈകാതെ രാജസ്ഥാന്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ആയ സ്റ്റോക്സ് രാജസ്ഥാന്റെയപം നിര്‍ണായക താരമാണ്. സ്റ്റോക്സിനൊപ്പം ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് എന്നിവരാണ് രാജസ്ഥാന്റെ പ്രധാന വിദേശതാരങ്ങള്‍. ബട്‌ലറും, ആര്‍ച്ചറും സ്മിത്തും ഇന്നലെ ദുബായിലെത്തിയിരുന്നു.

 

click me!