യാൻസന്റെയും ക്ലാസന്റെയും പോരാട്ടം പാഴായി; നിർണായക മത്സരത്തിൽ ജയിച്ചുകയറി ഇന്ത്യ

By Web Team  |  First Published Nov 14, 2024, 12:49 AM IST

യുവതാരം തിലക് വർമ്മയുടെ തകർപ്പൻ സെഞ്ച്വറിയാണ് മത്സരത്തിൽ നിർണായകമായത്. 


സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. ഇന്ത്യ ഉയ‍ർത്തിയ 220 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാനേ സാധിച്ചുള്ളൂ. മാർക്കോ യാൻസൻ്റെയും ഹെൻറിച്ച് ക്ലാസന്റെയും വെടിക്കെട്ട് ബാറ്റിം​ഗിന് മുന്നിൽ പതറാതെ നിന്ന ഇന്ത്യ അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. 

ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ റിയാൻ റിക്കെൽറ്റനും (20) റീസ ഹെൻഡ്രിക്സും (21) ചേർന്ന് നൽകിയത്. എന്നാൽ പവർ പ്ലേ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമായതോടെ പ്രോട്ടീസ് അപകടം മണത്തു. മൂന്നാമനായി ക്രീസിലെത്തിയ നായകൻ എയ്ഡൻ മാർക്രം ഫോമിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കാനായില്ല. 18 പന്തിൽ 29 റൺസ് നേടിയ മാർക്രത്തെ വരുൺ ചക്രവർത്തി മടക്കിയയച്ചു. ട്രിസ്റ്റൻ സ്റ്റബ്സും (12) നിറം മങ്ങിയതോടെ എല്ലാ പ്രതീക്ഷകളും മില്ലർ-ക്ലാസൻ സഖ്യത്തിലായി. പതുക്കെ തുടങ്ങിയ ക്ലാസൻ വൈകാതെ തന്നെ താളം കണ്ടെത്തിയെങ്കിലും ഫോമിലേയ്ക്ക് ഉയരാനാകാതെ മില്ലർ കിതച്ചത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. 

Latest Videos

undefined

മത്സരത്തിന്റെ 14-ാം ഓവറിൽ വരുൺ ചക്രവർത്തിയെ ഹാട്രിക് സിക്സറുകൾ പായിച്ച് ക്ലാസൻ നിലപാട് വ്യക്തമാക്കി. 23 റൺസാണ് ചക്രവർത്തിയുടെ അവസാന ഓവറിൽ പിറന്നത്. ഇതിനിടെ മില്ലറെ പുറത്താക്കി ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. 18-ാം ഓവറിൽ ക്ലാസനെ മടക്കി അയച്ച് അർഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ, മറുഭാഗത്തുണ്ടായിരുന്ന മാർക്കോ യാൻസൻ മുട്ടുമടക്കാൻ തയ്യാറായിരുന്നില്ല. 16 പന്തിൽ അർധ സെഞ്ച്വറി തികച്ച യാൻസൻ ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളാണ് അവസാന ഓവറുകളിൽ കാണാനായത്. 4 പന്തിൽ 18 റൺ‍സ് കൂടി വേണമെന്നിരിക്കെ കൂറ്റനടിയ്ക്ക് ശ്രമിച്ച യാൻസനെ (54) അർഷ്ദീപ് സിം​ഗ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ മൂന്ന് പന്തിൽ 18 റൺസായി മാറിയ വിജയലക്ഷ്യം മറികടക്കാൻ ആതിഥേയർക്ക് കഴിഞ്ഞില്ല. 

READ MORE: അടുപ്പിച്ച് 2 സെഞ്ചുറിക്ക് പിന്നാലെ അടുപ്പിച്ച് 2 ഡക്ക്; സഞ്ജു വീണ്ടും 'സംപൂജ്യൻ'; നാണക്കേടിന്‍റെ റെക്കോര്‍ഡ്

click me!