ഓസീസ് വമ്പിനെ എറിഞ്ഞോടിച്ച് ബൗളര്‍മാര്‍; അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ജയപുഞ്ചിരി

By Web Team  |  First Published Dec 2, 2020, 5:01 PM IST

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മോശം തുടക്കത്തിന് ശേഷം ഓള്‍റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ വെടിക്കെട്ടിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 


കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം ജയിച്ച് ടീം ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിനാണ് കോലിപ്പടയുടെ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 49.3 ഓവറില്‍ 289 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ ഏകദിന പരമ്പര 2-1ന് ഓസീസിന് അനുകൂലമായി അവസാനിച്ചു. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച പേസര്‍ ടി. നടരാജന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. സ്‌കോര്‍: ഇന്ത്യ-302/5 (50), ഓസീസ് 289 (49.3). 

വീണ്ടും ഹേസല്‍വുഡിന് മുന്നില്‍ കോലി...

Latest Videos

undefined

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മോശം തുടക്കത്തിന് ശേഷം ഓള്‍റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ വെടിക്കെട്ടിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 16നും ശുഭ്‌മാന്‍ ഗില്‍ 33 റണ്‍സിനും മടങ്ങിയപ്പോള്‍ അര്‍ധ സെഞ്ചുറിയുമായി നായകന്‍ വിരാട് കോലി തിളങ്ങി. 78 പന്തില്‍ 63 റണ്‍സെടുത്ത കോലി വീണ്ടുമൊരിക്കല്‍ കൂടി ഹേസല്‍വുഡിന് മുന്നില്‍ അടിയറവുപറ‌ഞ്ഞു. 

കാത്ത് പാണ്ഡ്യയും ജഡേജയും

ശ്രേയസ് അയ്യരും(19), കെ എല്‍ രാഹുലും(5) അതിവേഗം മടങ്ങിയതോടെ ഇന്ത്യ അഞ്ച് വിക്കറ്റിന് 152 റണ്‍സ് എന്ന നിലയില്‍ പതറി. എന്നാല്‍ അവിടെ നിന്ന് 150 റണ്‍സ് കുട്ടുകെട്ടുമായി പാണ്ഡ്യയും ജഡേജയും ഇന്ത്യയെ 300 കടത്തുകയായിരുന്നു. പാണ്ഡ്യ 76 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 92 റണ്‍സുമായും ജഡേജ 50 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സുമായി 66 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഓസീസിനായി അഗര്‍ രണ്ടും ഹേസല്‍വുഡും അബോട്ടും സാംപയും ഓരോ വിക്കറ്റും നേടി.   

അരങ്ങേറ്റം ഉശാറാക്കി 'നട്ടു'

ഓസീസിന് തുടക്കത്തിലെ തിരിച്ചടി നല്‍കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിയത്. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ മാര്‍നസ് ലബുഷെയ്‌നെ ഏഴ് റണ്‍സില്‍ ബൗള്‍ഡാക്കി നടരാജന്‍ അരങ്ങേറ്റം ഗംഭീരമാക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ചുറി തികച്ച സ്റ്റീവ് സ്‌മിത്തിനെ ഏഴില്‍ ഷാര്‍ദുല്‍ ഠാക്കൂറും പറഞ്ഞയച്ചതോടെ ഓസീസ് 56-2 എന്ന നിലയില്‍ പ്രതിരോധത്തിലായി. ഓള്‍റൗണ്ടര്‍മാരായ മോയിസസ് ഹെന്‍‌റിക്കസ്(22), കാമറോണ്‍ ഗ്രീന്‍(21) എന്നിവര്‍ക്കും വമ്പന്‍ സ്‌കോര്‍ നേടാനായില്ല. 

മാക്‌സ്‌വെല്ലിനെ വീഴ്‌ത്തി ഇന്ത്യന്‍ ജയം

അതേസമയം നായകന്‍ ആരോണ്‍ ഫിഞ്ച് 82 പന്തില്‍ 75 റണ്‍സെടുത്ത് ഒരറ്റത്ത് നിലയുറപ്പിച്ചു. അലക്‌സ് ക്യാരി-ഗ്ലെന്‍ മാക്‌സ്‌വെല്‍ സഖ്യം രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. ക്യാരിയെ 38ല്‍ നില്‍ക്കേ കോലിയുടെ ത്രോ പുറത്താക്കി. എന്നാല്‍ ഒറ്റയ്‌ക്ക് ജയിപ്പിക്കാന്‍ കരുത്തുള്ള മാക്‌സ്‌വെല്ലിന്‍റെ സാന്നിധ്യം ഓസീസിന് അവസാന പ്രതീക്ഷയായി. 38 പന്തില്‍ 59 റണ്‍സെടുത്ത മാക്‌സിയെ 45-ാം ഓവറില്‍ ബുമ്ര ബൗള്‍ഡാക്കിയതോടെ ഓസീസ് തോല്‍വി മണത്തു. 

ബൗളിംഗില്‍ ഠാക്കൂര്‍ മയം

ഓസീസിന് ജയിക്കാന്‍ 19 പന്തില്‍ 25 റണ്‍സ് വേണമെന്നിരിക്കേ ഠാക്കൂറിന്‍റെ ഓവര്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനായാസമാക്കി. ഈ ഓവറിലെ അവസാന പന്തില്‍ അബോട്ട്(4) വിക്കറ്റ് കീപ്പര്‍ രാഹുലിന്‍റെ കൈകളില്‍ അവസാനിച്ചു. തന്‍റെ അവസാന ഓവര്‍ എറിയാനെത്തിയ നടരാജന്‍ അഗറിനെയും പറഞ്ഞയച്ചു. 28 റണ്‍സാണ് അഗര്‍ നേടിയത്. അവസാന രണ്ട് ഓവറിലെ 21 റണ്‍സ് ലക്ഷ്യം ഓസീസിന് അപ്രാപ്യമായി. സാംപയെ എല്‍ബിയില്‍ കുരുക്കി ബുമ്ര കളി ജയിപ്പിച്ചു. ഷാര്‍ദുല്‍ ഠാക്കൂര്‍ മൂന്നും നടരാജനും ബുമ്രയും രണ്ടും കുല്‍ദീപും ജഡേജയും ഓരോ വിക്കറ്റും നേടി.  

click me!