15 അംഗ ടീമില്‍ ആര്‍ക്കും പരിക്കിന്‍റെ പ്രശ്നങ്ങളില്ലാത്തതിനാലാണ് ഇരു താരങ്ങളെയും തിരിച്ചയക്കുന്നതിന് കാരണം.
ഫ്ലോറിഡ: ടി 20 ലോകകപ്പില്‍ സൂപ്പര്‍ 8 ഉറപ്പിച്ചതോടെ ട്രാവല്‍ റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്ലിനെയും ആവേശ് ഖാനെയും നാട്ടിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ്. ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാന മത്സരം പൂർത്തിയായാൽ ഇരുവരും നാട്ടിലേക്ക് മടങ്ങും. 15 അംഗ ടീമില്‍ ആര്‍ക്കും പരിക്കിന്‍റെ പ്രശ്നങ്ങളില്ലാത്തതിനാലാണ് ഇരു താരങ്ങളെയും തിരിച്ചയക്കുന്നതിന് കാരണം.
എന്നാല്‍ റിങ്കു സിങ്ങും ഖലീല്‍ അഹമ്മദും ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസിലും ട്രാവല്‍ റിസർവായി തുടരും. നാളെ കാനഡയ്ക്കെതിരെയാണ് ഇന്ത്യയുടെ അവസാന ലീഗ് മത്സരം. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകും. സൂപ്പര്‍ 8, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് വെസ്റ്റ് ഇന്‍ഡീസാണ് വേദിയാവുന്നത്.
അടിയന്തര സാഹചര്യത്തില്‍ ടീമിലെ ഏതെങ്കിലും താരങ്ങള്‍ക്ക് പരിക്കേറ്റാല്‍ പകരം താരങ്ങളെ യുഎസിലെത്തിക്കുക ബുദ്ധിമുട്ടായതിനാലാണ് ഗില്ലും ആവേശും അമേരിക്കയില്‍ ട്രാവലിംഗ് റിസർവായി തുടര്‍ന്നത്. എന്നാല്‍ സൂപ്പര്‍ 8 മുതലുള്ള പോരാട്ടങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിലാണെന്നതിനാല്‍ ആവശ്യമെങ്കില്‍ താരങ്ങളെ തിരിച്ചുവിളിക്കാന്‍ ബുദ്ധിമുട്ടില്ലാത്തതിനാലാണ് ഗില്ലിനെയും ആവേശിനെയും നാട്ടിലേക്ക് തിരിച്ചയക്കുന്നത് എന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
കാനഡക്കെതിരായ അവസാന ലീഗ് മത്സരത്തിനുശേഷം ഫ്ലോറിഡയില്‍ നിന്ന് ഇന്ത്യന്‍ ടീം സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കായി ബ്രിജ്‌ടൗണിലെ ബാര്‍ബഡോസിലേക്ക് പറക്കും. ജൂണ്‍ 20നാണ് ഇന്ത്യയുടെ സൂപ്പര്‍ 8 പോരാട്ടം തുടങ്ങുന്നത്. 22നും 24നുമാണ് സൂപ്പര്‍ 8ലെ മറ്റ് രണ്ട് മത്സരങ്ങള്‍.
ടി20 ലോകകപ്പ്: പാപുവ ന്യൂ ഗിനിയയെ തകർത്ത് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ 8ല്‍, ന്യൂസിലൻഡ് പുറത്ത്
15 അംഗ ടീമിലുള്ള യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് പോലും ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം നൽകാന്‍ ഇന്ത്യക്കായിട്ടില്ല. ആദ്യ മത്സരം മുതല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കാനഡക്കെതിരായ മത്സരത്തില്‍ ഇതുവരെ അവസരം കിട്ടാത്ത സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് സൂചനയുണ്ടെങ്കിലും കനത്ത മഴ മത്സരത്തിന് ഭീഷണിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക