വീണ്ടും ട്വിസ്റ്റ്, ചാംപ്യന്‍സ് ട്രോഫി ഇന്ത്യയിലേക്ക്? പാകിസ്ഥാന് പിന്മാറിയാല്‍ വേദിയൊരുക്കാന്‍ ബിസിസിഐ

By Web Team  |  First Published Nov 14, 2024, 11:45 PM IST

പാകിസ്ഥാന്‍ പിന്മാറിയാല്‍ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ പാകിസ്ഥാനിലേക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്നുമുള്ളതാണ് ബിസിസിഐ നിലപാട്. ഐസിസി ഇക്കാര്യം കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രേഖാമൂലം അറിയിച്ചിരുന്നു. ഹൈബ്രിഡ് മോഡല്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കണമെന്നാണ് പാക് നിലപാട്.

പാകിസ്ഥാന്‍ പിന്മാറിയാല്‍ ടൂര്‍ണമെന്റ് എവിടെ നടത്തുമെന്നാണ് പ്രധാന ചോദ്യം. അങ്ങനെ സംഭവിച്ചാല്‍ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യ വേദിയാകുമെന്നാണ്. പാകിസ്ഥാന്‍ പിന്മാറിയാല്‍ ടൂര്‍ണമെന്റ് നടത്താന്‍ മുന്നിലുള്ളത് ഇന്ത്യയാണെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെ സംഭവിച്ചാല്‍ ടൂര്‍ണമെന്റിനായി പാകിസ്ഥാന്‍ വരുമോ എന്നുള്ള കാര്യവും ഉറപ്പില്ല.

Latest Videos

പാകിസ്ഥാനില്‍ കളിക്കാനില്ലെന്നും പകരം ചാംപ്യന്‍സ് ട്രോഫിയിലെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ദുബായില്‍ കളിക്കാമെന്നും ബിസിസിഐ നേരത്തെ ഐസിസിയെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9വരെ പാകിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ വേദിയായ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കാന്‍ തയാറാവാത്തതിനെത്തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ മാസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ധറും കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് ബന്ധങ്ങള്‍ സാധാരണഗതിയിലാകുമെന്ന ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. 2015നുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. പാക് ആഭ്യന്ത്രമന്ത്രിയും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ സയ്യിദ് മൊഹ്‌സിന്‍ നഖ്വിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
 

click me!