പരമ്പരാഗതമായി മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ചുവന്ന കളി മണ്ണുകൊണ്ടുള്ള പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്.
മുംബൈ: വെള്ളിയാഴ്ച തുടങ്ങുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റിനായി മുംബൈയില്‍ ഒരുങ്ങുന്നത് പന്ത് കുത്തിത്തിരിയുന്ന സ്പിന്‍ പിച്ച് തന്നെയെന്ന് റിപ്പോര്‍ട്ട്. പൂനെ ടെസ്റ്റില്‍ തോറ്റതോടെ ഇന്ത്യ മുംബൈയില്‍ സ്പിന്നിനെയും പേസിനെയും ഒരുപോലെ തുണക്കുന്ന സ്പോര്‍ട്ടിംഗ് വിക്കറ്റിനായി ആവശ്യപ്പെട്ടുവെന്ന് ഇന്നലെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പൂനെയില്‍ സ്ലോ ടേണറായിരുന്നു തയാറാക്കിയതെങ്കില്‍ മുംബൈയില്‍ ആദ്യ സെഷന്‍ മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചായിരിക്കുമെന്നാണ് സൂചന.
പരമ്പരാഗതമായി മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ചുവന്ന കളി മണ്ണുകൊണ്ടുള്ള പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റിനായി സ്പിന്നിനെ അമിതമായി തുണക്കുന്ന 'റാങ്ക് ടേണറി'നായാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി 35 നെറ്റ് ബൗളര്‍മാരെ ഇന്ത്യൻ ടീമിന്‍റെ പരിശീലന സെഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരില്‍ ഭൂരിഭാഗവും സ്പിന്നര്‍മാരാണെന്നത് മുംബൈയിലെ പിച്ചിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള സൂചനയാണെന്നാണ് വിലയിരുത്തല്‍. പൂനെ പിച്ച് സ്പിന്നര്‍മാരെ സഹായിച്ചിരുന്നെങ്കിലും ആദ്യ സെഷന്‍ മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചായിരുന്നില്ല.
കളി പുരോഗമിക്കുന്തോറും വേഗം കുറയുകയും സ്പിന്നര്‍മാരെ സഹായിക്കുകയും ചെയ്യുന്ന പിച്ചായിരുന്നു പൂനെയിലേത്. അപ്രതീക്ഷിത ബൗണ്‍സ് വല്ലപ്പോഴും മാത്രമാണ് പൂനെയില്‍ കിട്ടിയതെങ്കില്‍ മുംബൈയില്‍ ആദ്യ സെഷൻ മുതലെ സ്പിന്നര്‍മാര്‍ക്ക് ടേണും ബൗണ്‍സും പ്രതീക്ഷിക്കാം. സ്പിന്നും ബൗണ്‍സും ചേരുന്നതോടെ മുംബൈയില്‍ അശ്വിനിലുടെയും ജഡേജയിലൂടെയും ഇന്ത്യക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ . പൂനെ ടെസ്റ്റില്‍ കളിച്ച വാഷിംഗ്ടണ്‍ സുന്ദറും മൂന്നാം സ്പിന്നറായി ടീമില്‍ തുടരും.
2004ല്‍ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ പരമ്പര നേടിയശേഷം മുംബൈയില്‍ കളിച്ച അവസാന ടെസ്റ്റില്‍ 103 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനാവാതെ 93 റണ്‍സിന് ഓള്‍ ഔട്ടായത് മുംബൈയിലായിരുന്നു. മുംബൈയില്‍ അവസാനം നടന്ന മൂന്ന് ടെസ്റ്റില്‍ രണ്ടെണ്ണവും നാലു ദിവസത്തിനുള്ളില്‍ അവസാനിച്ചരുന്നു.ഇനിയൊരു തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യകള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നതിനാല്‍ മുംബൈയില്‍ എങ്ങനെയും ജയിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. 2021ല്‍ ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ അവസാനമായി ടെസ്റ്റ് കളിച്ചപ്പോള്‍ ഇന്ത്യ 372 റണ്‍സിന്‍റെ കൂറ്റൻ ജയം സ്വന്തമാക്കിയിരുന്നു.
വീണ്ടും അർധ സെഞ്ചുറിയുമായി ഷോൺ റോജർ, ഏദൻ ആപ്പിൾ ടോമിന് 6 വിക്കറ്റ്; കേരള-ഒഡീഷ മത്സരം സമനിലയിൽ
അന്ന് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കറങ്ങി വീണ കിവീസ് ബാറ്റര്‍മാര്‍ ആദ്യ ഇന്നിംഗ്സില്‍ 62 റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ 167 റണ്‍സിനും പുറത്തായപ്പോള്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 325 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സും സ്കോര്‍ ചെയ്തിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലെ 10 വിക്കറ്റുകളും വീഴ്ത്തിയ ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ ചരിത്രനേട്ടം സ്വന്തമാക്കി. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് കൂടി നേടിയ അജാസ് പട്ടേല്‍ 14 വിക്കറ്റുകളാണ് മത്സരത്തില്‍ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക