വിരാട് കോലി ഫോമല്ലേ, ഇക്കുറി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് സാധ്യത; പ്രവചിച്ച് ജാക്ക് കാലിസ്

By Web TeamFirst Published Dec 12, 2023, 2:30 PM IST
Highlights

ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ ഇതുവരെ ടീം ഇന്ത്യക്കായിട്ടില്ല, ആ പതിവ് ഇക്കുറി മാറിയേക്കും

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച താരം ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയായിരിക്കുമെന്ന് പ്രോട്ടീസ് ഇതിഹാസ ഓൾറൗണ്ടര്‍ ജാക്ക് കാലിസ്. കോലിയുടെ മിന്നും ഫോം പരമ്പരയില്‍ ടീം ഇന്ത്യക്ക് മുതൽകൂട്ടാവുമെന്നും കാലിസ് പ്രവചിക്കുന്നു.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ ഇതുവരെ ടീം ഇന്ത്യക്കായിട്ടില്ല. മുമ്പ് നടത്തിയ 8 പര്യടനങ്ങളിൽ ജയിച്ചത് വെറും നാല് ടെസ്റ്റിൽ മാത്രം. അതേസമയം 12 ടെസ്റ്റുകളില്‍ ഇന്ത്യ തോറ്റു. ടെസ്റ്റിലെ ഒന്നാം റാങ്കുകാരായ രോഹിത് ശര്‍മ്മയും കൂട്ടരും ഇത്തവണ ദക്ഷിണാഫ്രിക്കൻ മണ്ണ് കീഴടക്കാമെന്ന പ്രതീക്ഷയിലാണ്. ഡിസംബര്‍ 17ന് തുടങ്ങുന്ന പരമ്പരയിലുള്ളത് രണ്ട് ടെസ്റ്റുകൾ. വിരാട് കോലിയുടെ ഉജ്ജ്വല ഫോം ആതിഥേയര്‍ക്കെതിരെ ഇന്ത്യക്ക് വിജയ സാധ്യത നൽകുന്നുവെന്ന് പറയുകയാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഓൾറൗണ്ടര്‍ ജാക്ക് കാലിസ്. ദക്ഷിണാഫ്രിക്കക്കെതിരെ കോലിക്ക് മികച്ച റെക്കോര്‍ഡുണ്ട്. അദേഹത്തിന് ഇത് മികച്ച പരമ്പരയായിരിക്കുമെന്നും കാലിസ് വ്യക്തമാക്കി. 

Latest Videos

ദക്ഷിണാഫ്രിക്കയിൽ 14 ഇന്നിംഗ്സിൽ 51.36 ശരാശരിയിൽ 719 റണ്‍സാണ് വിരാട് കോലിയുടെ സമ്പാദ്യം. ഇതിൽ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളുമുണ്ട്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ വിരാട് കോലിയായിരുന്നു താരം. മൂന്ന് സെഞ്ചുറികൾ ഉൾപ്പടെ 763 റണ്‍സുമായി ടോപ് സ്കോററായ കോലി ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ ഫോം കോലി തുടര്‍ന്നാല്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ കാര്യങ്ങള്‍ എളുപ്പമാകും എന്നാണ് കാലിസിന്‍റെ നിരീക്ഷണം. ടെസ്റ്റ് കരിയറിലെ 111 മത്സരങ്ങളില്‍ 29 സെഞ്ചുറികളും 7 ഇരട്ട സെഞ്ചുറികളും സഹിതം 8687 റണ്‍സ് മുപ്പത്തിയഞ്ചുകാരനായ കോലിക്കുണ്ട്. 29 അര്‍ധ സെഞ്ചുറികളും കോലി നേടിയപ്പോള്‍ 49.3 ആണ് ബാറ്റിംഗ് ശരാശരി. 

Read more: സച്ചിന്‍ എന്ന വന്‍മരം 'ഗൂഗിളിലും' വീണു; ഇന്‍റര്‍നെറ്റിലും കിംഗ് വിരാട് കോലി, പക്ഷേ 2023ലെ സ്റ്റാറുകള്‍ വേറെ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!