അണ്ടര്‍ 19 ലോകകപ്പ് ഹീറോ സച്ചിന്‍ ദാസിന് പേരുവീണത് സാക്ഷാല്‍ സച്ചിന്‍ കാരണം; പക്ഷേ ഇഷ്‍ട താരം മറ്റൊരാള്‍

By Web TeamFirst Published Feb 7, 2024, 6:06 PM IST
Highlights

സച്ചിന്‍ ദാസ് ഏറെ വാഴ്ത്തപ്പെട്ടപ്പോള്‍ അദേഹത്തിന് സച്ചിന്‍ എന്ന പേര് ലഭിച്ചതിന് പിന്നിലെ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് താരത്തിന്‍റെ പിതാവ് സഞ്ജയ്

ദില്ലി: അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന്‍റെ സെമിയില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ കൗമാര പട വീഴ്ത്തിയത് സച്ചിന്‍ ദാസ്, ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍ എന്നിവരുടെ വിസ്മയ ബാറ്റിംഗ് പ്രകടനത്തിലായിരുന്നു. 32-4 എന്ന നിലയില്‍ ഒരുവേള തോല്‍വി ഉറപ്പിച്ച ടീമിനെ അഞ്ചാം വിക്കറ്റിലെ 171 റണ്‍സ് കൂട്ടുകെട്ടില്‍ ഇരുവരും വിജയതീരത്തെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ സച്ചിന്‍ ദാസ് ഏറെ വാഴ്ത്തപ്പെട്ടപ്പോള്‍ അദേഹത്തിന് സച്ചിന്‍ എന്ന പേര് ലഭിച്ചതിന് പിന്നിലെ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് താരത്തിന്‍റെ പിതാവ് സഞ്ജയ്. 

'2005ല്‍ അവന്‍ ജനിച്ചപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറോടുള്ള ബഹുമാനമായി സച്ചിന് ദാസ് എന്ന് പേര് നല്‍കുകയായിരുന്നു. ഞാന്‍ സച്ചിന്‍റെ കടുത്ത ആരാധകനായിരുന്നു എന്നതായിരുന്നു ഇങ്ങനെ പേരിടാന്‍ കാരണം. എന്നാല്‍ മകന്‍ (സച്ചിന്‍ ദാസ്)  വിരാട് കോലിയെയും ഏറെ ഇഷ്ടപ്പെടുന്നു. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ സച്ചിന്‍ ദാസിന് മറ്റ് സുഹൃത്തുക്കളാരുമില്ല. ഞാനാണ് ഏക സുഹൃത്ത്. ക്രിക്കറ്റില്‍ നിന്നുള്ള ശ്രദ്ധ തിരിയാതിരിക്കാന്‍ വിവാഹ ചടങ്ങുകളിലോ പിറന്നാളാഘോഷങ്ങളിലോ പങ്കെടുക്കാന്‍ ഞാന്‍ അവനെ അനുവദിച്ചിരുന്നില്ല' എന്നും സച്ചിന്‍ ദാസിന്‍റെ പിതാവ് സഞ്ജയ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

Latest Videos

അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെമിയില്‍ ഇന്ത്യ രണ്ട് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കിയപ്പോള്‍ ഹീറോകളിലൊരാള്‍ ആറാമനായി ക്രീസിലെത്തിയ സച്ചിന്‍ ദാസായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 256 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. സച്ചിന്‍ ദാസ് 95 ബോളില്‍ 11 ഫോറും ഒരു സിക്സറും ഉള്‍പ്പടെ 96 റണ്ണെടുത്തു. ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍ 124 ബോളില്‍ 81 റണ്ണെടുത്തതും നിര്‍ണായകമായി. ഒടുവില്‍ ഇന്നിംഗ്സ് അവസാനിക്കാന്‍ ഏഴ് പന്ത് ബാക്കിനില്‍ക്കേ 4 ബോളില്‍ 13 റണ്‍സുമായി ഒന്‍പതാമന്‍ രാജ് ലിംബാനിയുടെ വെടിക്കെട്ട് ഫിനിഷിംഗില്‍ ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. 

Read more: അണ്ടര്‍ 19 ലോകകപ്പ്: റണ്‍വേട്ടയിലും സഹാരണ്‍ തന്നെ മുന്നില്‍! ആദ്യ മൂന്നും സ്ഥാനവും ഇന്ത്യന്‍ താരങ്ങളെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!