ഗുജറാത്തിനെതിരെ പിഴുതെടുത്തത് എട്ട് വിക്കറ്റ്! വിജയ് ഹസാരെയില്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഹിമാചല്‍ പേസര്‍

By Web TeamFirst Published Dec 5, 2023, 8:07 PM IST
Highlights

മത്സര ഫലത്തേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത് ഹിമാചല്‍ പേസര്‍ അര്‍പിത് ഗുലേറിയയുടെ ബൗളിംഗ് പ്രകടനമായിരുന്നു. ഗുജറാത്തിന് നഷ്ടമായി പത്തില്‍ എട്ട് വിക്കറ്റുകളും വീഴ്ത്തിയത് ഗുലേറിയയായിരുന്നു.

ദില്ലി: വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ ഗുജറാത്ത് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 49 ഓവറില്‍ 327ന് പുറത്താവുകയായിരുന്നു. സെഞ്ചുറി നേടിയ ഉര്‍വില്‍ പട്ടേലാണ് ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഹിമാചല്‍ 49.5 ഓവറില്‍ 319ന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ ഗുജറാത്ത് പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു. ഹിമചല്‍ പുറത്തേക്കും.

മത്സര ഫലത്തേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത് ഹിമാചല്‍ പേസര്‍ അര്‍പിത് ഗുലേറിയയുടെ ബൗളിംഗ് പ്രകടനമായിരുന്നു. ഗുജറാത്തിന് നഷ്ടമായി പത്തില്‍ എട്ട് വിക്കറ്റുകളും വീഴ്ത്തിയത് ഗുലേറിയയായിരുന്നു. ഒമ്പത് ഓവറില്‍ 50 റണ്‍സ് വഴങ്ങിയാണ് അര്‍പിത് എട്ട് പേരെ പുറത്താക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു പേസറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 15 റണ്‍സിന് ഏഴ് പേരെ പുറത്താക്കിയ ഹൈദരാബാദിന്റെ ഷൊയ്ബ് അഹമ്മദിന്റെ പേരിലായിരുന്നു ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച ലിസ്റ്റ് എ പ്രകടനം. 2009ല്‍ ആന്ധ്രാ പ്രദേശിനെതിരെയാണ് ഷൊയ്ബ് ഏഴ് വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ, സ്പിന്നര്‍മാരായ ഷഹ്ബാസ് നദീം (8/10), രാഹുല്‍ സാംഗ്‌വി (8/15) എന്നിവര്‍ എട്ട് വിക്കറ്റ് നേടിയിരുന്നു.

Latest Videos

ഒന്നാം പ്രീ ക്വാര്‍ട്ടറില്‍ ബംഗാളാണ് ഗുജറാത്തിന്റെ എതിരാളി. മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ കേരളം മഹാരാഷ്ട്രയെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ കേരളം ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെയാണ് നേരിടുക. പ്രീ ക്വാര്‍ട്ടര്‍ ഒന്നിലെ വിജയികള്‍ ഹരിയാനക്കെതിരെ കളിക്കും. മറ്റൊരു ക്വാര്‍ട്ടറില്‍ മുംബൈ, തമിഴ്‌നാടിനെ നേരിടും. കര്‍ണാടകയ്ക്ക് വിദര്‍ഭയാണ് എതിരാളി. അഞ്ച് ഗ്രൂപ്പിലേയും മികച്ച രണ്ടാം സ്ഥാനക്കാരായിട്ടാണ് കര്‍ണാടക നേരിട്ട് ക്വാര്‍ട്ടറിലെത്തിയത്. ഒരു മത്സരം മാത്രം തോറ്റ അവര്‍ക്ക് 24 പോയിന്റുണ്ട്.

ഗ്രൂപ്പ് എയില്‍ അവസാന മത്സരത്തില്‍ കേരളം, റെയില്‍വേസിനോട് പരാജയപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (139 പന്തില്‍ 128) സെഞ്ചുറി നേടിയിട്ടും റെയില്‍വേസിനെതിരെ കേരളം 18 റണ്‍സിന് തോല്‍ക്കുകയായിരുന്നു. ചിക്കനഹള്ളി, കിനി സ്‌പോര്‍ട്‌സ് അറീന ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി റെയില്‍വേസ് 256 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സഹാബ് യുവരാജ് സിംഗിന്റെ (136 പന്തില്‍ പുറത്താവാതെ 121) സെഞ്ചുറിയാണ് റെയില്‍വേസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുക്കാനാണ് സാധിച്ചത്. സഞ്ജുവിന് പുറമെ ശ്രേയസ് ഗോപാല്‍ (53) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ കേരളം അഞ്ച് ജയത്തോടെ 20 പോയിന്റുമായി ഒന്നാമതാണ്.

വിജയ് ഹസാരെ: ഗ്രൂപ്പില്‍ ഒന്നാമെത്തിയിട്ടും കേരളത്തില്‍ ക്വാര്‍ട്ടര്‍ യോഗ്യതയില്ല! പകരം മുംബൈ, കാരണമറിയാം

click me!