ഗില്ലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്താണ് അവസാനിപ്പിച്ചത്.
അഹമ്മദാബാദ്: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയേക്കും. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ഇടംകൈയ്യന്‍ ബാറ്റര്‍ സായ് സുദര്‍ശന്‍ എന്നിവരെ ഗുജറാത്ത് നിലനിര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അണ്‍ക്യാപ്ഡ് താരങ്ങളായ രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍ എന്നിവരേയും ഫ്രാഞ്ചൈസി നിലനിര്‍ത്തും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മുഖമായി ബിസിസിഐ ഒരുക്കികൊണ്ടുവരുന്ന താരമാണ് ഗില്‍. ഇക്കാരണം കൊണ്ടുതന്നെയാണ് ഗുജറാത്ത് താരത്തെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.
ഗില്ലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. ക്യാപ്റ്റനായുള്ള താരത്തിന്റെ ആദ്യ സീസണായിരുന്നു അത്. അതിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ക്യാപ്റ്റന്‍. ഹാര്‍ദിക്കിന്റെ കീഴില്‍ ആദ്യ സീസണില്‍ തന്നെ കിരീടം നേടിയ ഗുജറാത്ത് രണ്ടാം രണ്ടാം സീസണില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു. റാഷിദിനെ നിലനിര്‍ത്തുമെന്ന് ഉറപ്പായിരുന്നു. 2022ല്‍ ടീമിനൊപ്പം ചേര്‍ന്ന താരം കന്നി സീസണില്‍ 19 വിക്കറ്റ് വീഴ്ത്തി. അടുത്ത സീസണില്‍ 27 വിക്കറ്റ്. എന്നാല്‍ അവസാന സീസണില്‍ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. 12 കളികളില്‍ നിന്ന് 36.70 ശരാശരിയില്‍ 10 വിക്കറ്റുകള്‍ മാത്രം.
ദേശീയ ടീമിനായി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും കളിച്ചിട്ടുള്ള താരമാണ് സായ് സുദര്‍ശന്‍. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറി ഉള്‍പ്പെടെ 527 റണ്‍സാണ് സുദര്‍ശന്‍ നേടിയത്. 169.33 സ്ട്രൈക്ക് റേറ്റില്‍ റണ്‍സ് കണ്ടെത്തിയ അണ്‍ക്യാപ്പ്ഡ് താരം ഷാരൂഖ് ഖാന്‍ മതിപ്പുളവാക്കി. കഴിഞ്ഞ സീസണില്‍ 145ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തിരുന്നു താരമാണ് തെവാട്ടിയ. അദ്ദേഹത്തിന്റെ ഫിനിഷിംഗ് കഴിവും അപാരം. ഐപിഎല്ലില്‍ നൂറോളം മത്സരങ്ങള്‍ കളിച്ചിട്ടുള്ള അനുഭവസമ്പത്തും താരത്തിനുണ്ട്.
നാളെയാണ് നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാന തിയതി. അതേസമയം, നവംബര്‍ അവസാനംവാരം വിദേശത്ത് മെഗാ ലേലം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന സീസണില്‍ ഒരു ഗെയിമിന് 7.5 ലക്ഷം രൂപയാണ് മാച്ച് ഫീ നിശ്ചയിച്ചിരിക്കുന്നത്. ടീമുകള്‍ക്ക് ആറ് കളിക്കാരെ വരെ നിലനിര്‍ത്താം.