ഇത് ഇന്ത്യയാണ്, ദ്രാവിഡ് പറഞ്ഞതിലും കാര്യമുണ്ട്! ഇഷാന്‍ കിഷനെതിരെ വെട്ടിത്തുറന്ന് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Feb 9, 2024, 2:56 PM IST
Highlights

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങുന്നതിന് മുമ്പ്, ഇഷാന്‍ കിഷന് കുറച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടിവരുമെന്നും എന്നാല്‍ മാത്രമെ പരിഗണിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെതിരെ കടുത്ത ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ പിന്തുണച്ചാണ് ചോപ്ര രംഗത്തെത്തിയത്. കിഷന് ടീമിലേക്ക് തിരിച്ചുവരണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടിവരുമെന്ന് ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി. വിശാഖപട്ടണം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ടീം വിജയിച്ചതിന് പിന്നാലെ കിഷന്റെ കാര്യത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചിരുന്നു. 

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങുന്നതിന് മുമ്പ്, ഇഷാന്‍ കിഷന് കുറച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടിവരുമെന്നും എന്നാല്‍ മാത്രമെ പരിഗണിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ജാര്‍ഖണ്ഡിന് വേണ്ടി ഒരു രഞ്ജി ട്രോഫ് മത്സരം പോലും കളിച്ചില്ലെന്നും അതിനര്‍ത്ഥം അദ്ദേഹം ഇപ്പോഴും തയ്യാറായിട്ടില്ലെന്നുമാണെന്നും ദ്രാവിഡ് കുറ്റപ്പെടുത്തിയിരുന്നു. ഇതുതന്നെയാണ് ചോപ്രയും പറയുന്നത്. ചോപ്രയുടെ വാക്കുകള്‍... ''അദ്ദേഹം കുറച്ചുകാലമായി ടീമിന് പുറത്താണ്. ലോകകപ്പിന് ശേഷം ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പര കളിച്ചതിന് ശേഷം ഇഷാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതായി കണ്ടിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം പോയെങ്കിലും അവിടെ ഒരു മത്സരം പോലും കളിച്ചില്ല, ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുമ്പ് ഇടവേളയെടുത്ത് തിരിച്ചെത്തി. അതിനുശേഷം അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല, അപൂര്‍വമായി മാത്രമേ അദ്ദേഹത്തെ കാണാനാകൂ.'' ചോപ്ര പറഞ്ഞു.

Latest Videos

സഞ്ജുവിന് സാധിച്ചില്ല, സച്ചിന്‍ ബേബി തന്നെ തുണ! ബംഗാളിനെതിരെ രഞ്ജിയില്‍ കേരളത്തിന് നാല് വിക്കറ്റ് നഷ്ടം

ഇതെല്ലാം കാണുമ്പോള്‍ ദ്രാവിഡ് പറഞ്ഞത് ശരിയാണെന്ന്് എനിക്ക് തോന്നുന്നുവെന്നും ചോപ്ര പറഞ്ഞു. ''ദ്രാവിഡ് പറഞ്ഞത് തികച്ചും ശരിയാണെന്ന് എനിക്ക് തോന്നുന്നു. ആദ്യം കിഷന്‍ തന്നെ ലഭ്യമാകുന്ന സമയം പറയണം, അതുണ്ടായില്ല. ദ്രാവിഡ് രണ്ടാമത് ആവശ്യപ്പെട്ടത്, ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ്. ക്രിക്കറ്റൊന്നും കളിക്കുന്നില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാനാകില്ല. ഇപ്പോള്‍ രഞ്ജി ട്രോഫി നടക്കുന്നു. അവധിയെടുത്ത സാഹചര്യത്തില്‍ കിഷന്‍ കളിക്കണമായിരുന്നു. എന്നാല്‍ അവനാവട്ടെ ഫോണ്‍ പോലും എടുക്കുന്നില്ല.'' ചോപ്ര കുറ്റപ്പെടുത്തി.

click me!