യുവതാരം യശസ്വി ജയ്‌സ്വാളിന് പരമ്പരയില്‍ തിളങ്ങാനാവില്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹാഡിന്‍ വ്യക്തമാക്കി.
സിഡ്‌നി: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച്. ഈ മാസം 22നാണ് ഓസ്‌ട്രേലിയയും ഇന്ത്യയും നേര്‍ക്കുനേര്‍ വരുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് തുടക്കമാകുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് പരമ്പരക്കായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ സംഘങ്ങളായാണ് ഓസ്‌ട്രേലിയയില്‍ എത്തുന്നത്. വിരാട് കോലി അടക്കമുള്ള താരങ്ങളുടെ ആദ്യ സംഘം ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞു. ഇതിനിടെയാണ് പന്തിനെ വാഴ്ത്തി ഫിഞ്ച് രംഗത്തെത്തിയത്.
അതോടെപ്പൊം ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ കുറിച്ചും ഫിഞ്ച് പറയുന്നുണ്ട്. ഫിഞ്ചിന്റെ വാക്കുകള്‍... ''അലക്സ് കാരിയും റിഷഭ് പന്തും ആയിരിക്കും പ്രധാനം എന്ന് ഞാന്‍ കരുതുന്നു, രണ്ട് വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനം വളരെ നിര്‍ണായകമായിരിക്കും. രണ്ട് ഫാസ്റ്റ് ബൗളിംഗ് ആക്രമണങ്ങളും വളരെ മികച്ചതാണ്. ടോപ്പ് ഓര്‍ഡറിനെ വീഴ്ത്താനുള്ള കരുത്തി ഇരു ടീമിലേയും ബൗളര്‍മാര്‍ക്കുണ്ട്. എന്നാല്‍ ആറാം നമ്പറില്‍ കളിക്കുന്ന പന്തിന് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കും.'' ഫിഞ്ച് പറഞ്ഞു.
undefined
എന്നാല്‍ ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാളിന് പരമ്പരയില്‍ തിളങ്ങാനാവില്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹാഡിന്‍ വ്യക്തമാക്കി. ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അതിജീവിക്കാന്‍ കഴിയില്ലെന്നാണ് ഹാഡിന്‍ പറയുന്നത്. യശസ്വി ജയ്‌സ്വാള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരാജയപ്പെടുമെന്നാണ് ഹാഡിന്റെ പക്ഷം.
അരങ്ങേറ്റം മുതല്‍ തകര്‍പ്പന്‍ ഫോമിലുള്ള യുവ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ യശസ്വി ജയ്സ്വാളാണ് പരമ്പരയിലെ ഇന്ത്യയുടെ പ്രധാന കളിക്കാരില്‍ ഒരാള്‍. തന്റെ ടെസ്റ്റ് കരിയറില്‍ 14 മത്സരങ്ങളില്‍ നിന്ന് 56.28 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും എട്ട് അര്‍ധസെഞ്ചുറികളും നേടിയ ജയ്സ്വാള്‍ ഇതുവരെ 1407 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഹാഡിന്‍ പറയുന്നതിങ്ങനെ... ''ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഓസീസിന്റെ കുതിപ്പിന് മുന്നില്‍ നില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ജയ്സ്വാള്‍ ശരിക്കും ഒരു മികച്ച കളിക്കാരനാണെന്ന് എനിക്കറിയാം. പക്ഷേ അദ്ദേഹം മുമ്പ് ഓസ്ട്രേലിയയില്‍ വന്നിട്ടില്ല. അതുകൊണ്ടുതന്നെ ആ ഫോം തുടരാനാകുമെന്ന് എനിക്ക് ഉറപ്പില്ല. പെര്‍ത്തിലെ ബൗണ്‍സ് കൈകാര്യം ചെയ്യുന്നത് കഠിനാധ്വാനമാണ്.'' മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ പറഞ്ഞു.