എമേർജിംഗ് ഏഷ്യാ കപ്പ്: ഒമാനെയും വീഴ്ത്തി ഇന്ത്യ; ബദോനിക്ക് അതിവേഗ 50, സെമിയിൽ എതിരാളികൾ അഫ്ഗാനിസ്ഥാൻ

By Web TeamFirst Published Oct 24, 2024, 10:09 AM IST
Highlights

ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലെത്തിയ ഇന്ത്യക്ക് നാളെ നടക്കുന്ന രണ്ടാം സെമിയില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

ദുബായ്: ഏമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒമാനെയും വീഴ്ത്തി ഇന്ത്യ എ. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ എയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റണ്‍സെടുത്തപ്പോള്‍ ആയുഷ് ബദോനിയുടെ അതിവേഗ ഫിഫ്റ്റിയുടെ കരുത്തില്‍ ഇന്ത്യ 15.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ തുടക്കത്തിലെ തകര്‍ന്നടിഞ്ഞിരുന്നു.

ക്യാപ്റ്റനും ഓപ്പണറുമായ ജിതേന്ദർ സിംഗ്(17), ആമിര്‍ കലീം(13), കരണ്‍ സോനാവാലെ(1) എന്നിവരെ നഷ്ടമായതോടെ 33-3ലേക്ക് തകര്‍ന്നടിഞ്ഞ ഒമാനെ വാസിം അലിയും(24), മുഹമ്മദ് നദീമും(41) ചേര്‍ന്ന് കരകയറ്റി. ഹമ്മദ് മിര്‍സ(28)യും ഒമാനുവേണ്ടി തിളങ്ങി. ഇന്ത്യക്കായി റാസിക് സലാം, അക്വിബ് ഖാന്‍, നിഷാന്ത് സിന്ധു, രമണ്‍ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Latest Videos

പൂനെ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ്, 3 മാറ്റങ്ങളുമായി ഇന്ത്യ; കെ എല്‍ രാഹുല്‍

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ അനൂജ് റാവത്ത്(8) തുടക്കത്തിലെ മടങ്ങി. എന്നാല്‍ പതിവുപോലെ തകര്‍ത്തടിച്ച അഭിഷേക് ശര്‍മ(15 പന്തില്‍ 34), ക്യപ്റ്റൻ തിലക് വര്‍മ(30 പന്തില്‍ 36*) എന്നിവര്‍ പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ ഭേദപ്പട്ട നിലയിലെത്തി. അഞ്ചാം ഓവറില്‍ അഭിഷേക് ശര്‍മ മടങ്ങിയെങ്കിലും നാലാം നമ്പറിലെത്തിയ ആയുഷ് ബദോനി തകര്‍ത്തടിച്ചതോടെ ഇന്ത്യ അതിവേഗം ലക്ഷ്യത്തിന് അടുത്തെത്തി.

25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബദോനി(27 പന്തില്‍ 51), ആറ് ഫോറും രണ്ട് സിക്സും പറത്തി. നെഹാല്‍ വധേര(1) നിരാശപ്പെടുത്തിയെങ്കിലും രമണ്‍ദീപ് സിംഗ്(4 പന്തില്‍ 13) തിലക് വര്‍മക്കൊപ്പം ഇന്ത്യൻ ജയം പൂര്‍ത്തിയാക്കി. ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലെത്തിയ ഇന്ത്യക്ക് നാളെ നടക്കുന്ന രണ്ടാം സെമിയില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.  ആദ്യ സെമിയില്‍ ശ്രീലങ്കയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!