സഞ്ജു സാംസണ്‍ പാടുപെടുന്നു; അതേസമയം ഉഗ്രതാണ്ഡമാടി മറ്റൊരു മലയാളി, ദേവ്ദത്ത് പടിക്കല്‍ പവറാണ്

By Web TeamFirst Published Feb 9, 2024, 7:35 PM IST
Highlights

രഞ്ജി ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് സിയില്‍ ശക്തരായ തമിഴ്നാടിനെതിരെ കര്‍ണാടകയ്ക്കായി ആദ്യ ഇന്നിംഗ്സില്‍ ദേവ്ദത്ത് പടിക്കല്‍ ഇന്ന് തകര്‍പ്പന്‍ സെഞ്ചുറി നേടി

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള താരപ്പോരിനെ കുറിച്ച് പ്രത്യേകം ക്രിക്കറ്റ് പ്രേമികളോട് പറയേണ്ടതില്ല. ടെസ്റ്റ് ഫോര്‍മാറ്റില്‍ വിക്കറ്റ് കീപ്പറാവാന്‍ കടുത്ത പോരാട്ടം നടക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തിളങ്ങാനാവുന്നില്ല. സ്ഥിരതയില്ലായ്മ എന്ന പതിവ് പഴി രഞ്ജി ട്രോഫിയില്‍ സഞ്ജുവിനെ പിന്തുടരുകയാണ്. രഞ്ജിയില്‍ ബംഗാളിനെതിരെ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങിയ മത്സരത്തിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ സഞ്ജു വെറും 8 റണ്‍സില്‍ പുറത്തായി. എന്നാല്‍ കര്‍ണാടകയ്ക്കായി മറ്റൊരു മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ സ്വപ്ന ഫോമില്‍ സെഞ്ചുറി കുതിപ്പ് തുടരുകയാണ്. 

രഞ്ജി ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് സിയില്‍ ശക്തരായ തമിഴ്നാടിനെതിരെ ആദ്യ ഇന്നിംഗ്സില്‍ കര്‍ണാടകയ്ക്കായി ദേവ്ദത്ത് പടിക്കല്‍ ഇന്ന് തകര്‍പ്പന്‍ സെഞ്ചുറി നേടി. ആദ്യ ദിനം കര്‍ണാടക 90 ഓവറില്‍ 5 വിക്കറ്റിന് 288 റണ്‍സെടുത്തപ്പോള്‍ വണ്‍ഡൗണ്‍ ബാറ്ററായ പടിക്കല്‍ 216 പന്തില്‍ 12 ഫോറും 6 സിക്സറും സഹിതം 151* റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയാണ്. 2024 ജനുവരി മുതല്‍ എട്ട് ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സുകളില്‍ ദേവ്ദത്ത് പടിക്കലിന്‍റെ നാലാം സെഞ്ചുറിയാണിത്. രഞ്ജിയിലെ കഴിഞ്ഞ മത്സരങ്ങളില്‍ പഞ്ചാബിനും ഗോവയ്ക്കുമെതിരെയും ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്കായും ദേവ്ദത്ത് ഇതിന് മുമ്പ് ശതകം സ്വന്തമാക്കിയിരുന്നു. 

Latest Videos

അതേസമയം സ്ഥിരത കൈവരിക്കാനാവാത്ത സഞ്ജു സാംസണ്‍ രഞ്ജിയില്‍ കുഞ്ഞന്‍ സ്കോറില്‍ മടങ്ങി. ബംഗാളിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ സഞ്ജുവിന് 17 പന്തുകളില്‍ 8 റണ്‍സേ നേടാനായുള്ളൂ. ഇതോടെ പ്രതിരോധത്തിലായ കേരളം ആദ്യ ദിനം സ്റ്റംപ് എടുക്കുമ്പോള്‍ 90 ഓവറില്‍ 265-4 എന്ന നിലയിലാണ്. സച്ചിന്‍ ബേബിയുടെ സീസണിലെ രണ്ടാം സെഞ്ചുറിയും (220 പന്തില്‍ 110*), അക്ഷയ് ചന്ദ്രന്‍റെ പ്രതിരോധവുമാണ് (150 പന്തില്‍ 76*) ആദ്യ ദിനം കേരളത്തെ കാത്തത്. കേരള ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ തിളങ്ങാത്തതിന്‍റെ നിരാശ പല ആരാധകര്‍ക്കുമുണ്ട്. 

Read more: 210*! പാതും നിസങ്കയ്ക്ക് ഏകദിന ഇരട്ട സെഞ്ചുറി; ചരിത്രത്തിലെ ആദ്യ ലങ്കന്‍ താരം; ടീമിന് കൂറ്റന്‍ സ്കോര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!