മസ്തിഷകാഘാതം, പിതാവ് ഗുരുതരാവസ്ഥയിൽ; ഇന്ത്യന്‍ താരത്തിന് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര നഷ്ടമായേക്കും

By Web TeamFirst Published Dec 6, 2023, 12:10 PM IST
Highlights

ചാഹര്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്നതിനിടെയായിരുന്നു ഇത്. തുടര്‍ന്ന് മൂന്നിന് നടന്ന അഞ്ചാം ടി20യില്‍ കളിക്കാതെ ചാഹര്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു.

ലഖ്നൗ: മസ്തിഷ്കാഘാതം വന്ന് പിതാവിനെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിന് ദക്ഷിണാഫ്രിക്കക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ടി20 പരമ്പരക്കായി ഇന്ത്യന്‍ ടീം ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിക്കും. ഈ മാസം രണ്ടിനാണ് ദീപക് ചാഹറിന്‍റെ പിതാവ് ലോകേന്ദ്ര സിങിനെ മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് അലിഗ‍ഢിലെ മിത്രജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചാഹര്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്നതിനിടെയായിരുന്നു ഇത്. തുടര്‍ന്ന് മൂന്നിന് നടന്ന അഞ്ചാം ടി20യില്‍ കളിക്കാതെ ചാഹര്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്കിന്‍റെ നീണ്ട ഇടവേളക്ക് ശേഷമാണ് ചാഹര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. പിതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ചാഹര്‍ ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോകില്ലെന്നാണ് റിപ്പോര്‍ട്ട്.

Latest Videos

'അപൂര്‍വ പ്രതിഭയായതുകൊണ്ട് അപൂര്‍വമായെ കളിക്കാൻ ഗ്രൗണ്ടിലിറങ്ങൂ'; ഹാര്‍ദ്ദിക്കിനെതിരെ തുറന്നടിച്ച് ജഡേജ

പിതാവിന്‍റെ കൂടെ നില്‍ക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ പങ്കെടുക്കാനാവില്ലെന്നും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും സെലക്ടര്‍മാരെയും അറിയിച്ചിട്ടുണ്ടെന്ന് ചാഹര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാനായതുകൊണ്ടാണ്  പിതാവിന്‍റെ  ആരോഗ്യനില ഗുരുതരമാവാതിരുന്നതെന്നും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ദീപക് ചാഹര്‍ പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ അച്ഛനാണ് ഏറ്റവും പ്രധാനം. കാരണം അദ്ദേഹമാണ് എന്നെ ഒരു ക്രിക്കറ്റ് കളിക്കാരനാക്കിയത്. ഈ അവസ്ഥയില്‍ അദ്ദേഹത്തെ വിട്ട് എങ്ങോട്ടും വരാന്‍ കഴിയില്ലെന്നും ദീപക് ചാഹര്‍ പറഞ്ഞു. അച്ഛന്‍ അപകടനില തരണം ചെയ്താല്‍ മാത്രമെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പോകൂവെന്നും ഇക്കാര്യം ടീം മാനേജ്മെന്‍റിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ചാഹര്‍ വ്യക്തമാക്കി.

അലിഗഢില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ദീപക് ചാഹറിന്‍റെ പിതാവ് ലോകേന്ദ്ര സിങിന് മസ്തിഷ്കാഘാതം ഉണ്ടായതെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രമേഹവും ബിപിയുമുള്ളതിനാലാണ് ലോകേന്ദ്ര സിങിന്‍റെ ആരോഗ്യനില കൂടുതല്‍ വഷളായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വിരമിക്കൽ തീരുമാനം പിൻവലിച്ച് ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്താൻ ഒരുങ്ങി മുൻ നായകൻ

ഈ മാസം 10 മുതലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടി20 പരമ്പരക്ക് ശേഷൺ നടക്കുന്ന ഏകദിന പരമ്പരയിലും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ് ചാഹര്‍. ഈ മാസം 17 മുതലാണ് ഏകദിന പരമ്പര തുടങ്ങുന്നത്.

click me!