ജഡേജയെ കൈവിട്ടാലും ആര്‍ടിഎം വഴി ടീമിലെത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ചെന്നൈ.
മുംബൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തുന്ന കളിക്കാര്‍ ആരൊക്കെയെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഡേജയുള്‍പ്പെടെ നാലു താരങ്ങളെ നിലനിര്‍ത്താന്‍ ചെന്നൈ തീരുമാനിച്ചുവെന്നായിരുന്നു സൂചന. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി വേര്‍പിരിയാന്‍ തീരുമാനിച്ച റിഷഭ് പന്തിനെ ചെന്നൈയിലെത്തിക്കണമെങ്കില്‍ വലിയ തുക മുടക്കേണ്ടിവരുമെന്നതിനാല്‍ ജഡേജയെ കൈവിടാന്‍ ചെന്നൈ അവസാന മണിക്കറുകളില്‍ തീരുമാനിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജഡേജയെ കൈവിട്ടാലും ആര്‍ടിഎം വഴി ടീമിലെത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ചെന്നൈ. ജഡേജയെ നിലനിര്‍ത്തിയില്ലെങ്കില്‍ റീടെന്‍ഷന്‍ തുകയെക്കാള്‍ കുറഞ്ഞ തുകക്ക് ആര്‍ടിഎം വഴി ടീമിലെത്തിക്കാന്‍ കഴിയുമെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കണക്കുകൂട്ടല്‍. മുന്‍ നായകന്‍ എം എസ് ധോണിയും ചെന്നൈ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. ഡല്‍ഹി കൈവിട്ടാല്‍ റിഷഭ് പന്തിനെ എന്തു വിലകൊടുത്തും ടീമിലെത്തിക്കണമെന്നത് ധോണിയുടെ തീരുമാനമാണെന്നാണ് കരുതുന്നത്. അതേസമയം, രവീന്ദ്ര ജഡേജയുമായി ടീമിനുള്ള വൈകാരിക അടുപ്പം കണക്കിലെടുത്ത് ആര്‍ടിഎം വഴി ജഡേജയെ ടീമിലെത്തിക്കണമെന്നും ധോണി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.
undefined
അതിനിടെ കൊല്‍ക്കത്ത വിടുമെന്ന് ഉറപ്പിച്ച ശ്രേയസ് അയ്യരെ ഡല്‍ഹിയില്‍ തിരിച്ചെത്തിക്കാന്‍ ടീം ഉടമകളായ ജിഎംആര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതിനാലാണ് ശ്രേയസിനെ കൊല്‍ക്കത്ത ഒഴിവാക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തക്ക് ഐപിഎല്‍ കിരീടം സമ്മാനിച്ച നായകന്‍ കൂടിയാണ് ശ്രേയസ്. റിഷഭ് പന്ത് പോയാലും ഡല്‍ഹിയെ മുമ്പ് നയിച്ചിട്ടുള്ള ശ്രേയ് തിരിച്ചെത്തുകയാണെങ്കില്‍ അത് ക്യാപ്റ്റനാക്കാമെന്നതും ഡല്‍ഹിയുടെ ലക്ഷ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക