കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം ബംഗാളിന്റെ മത്സരം നടക്കാതായത് ടീമിനെ വലിയ തിരിച്ചടിയിലേക്ക് നയിച്ചിരുന്നു.
കൊല്‍ക്കത്ത: ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാള്‍ - കേരളം രഞ്ജി ട്രോഫി മത്സരം മാറ്റിവെക്കാന്‍ സാധ്യത. നാളെ, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കേണ്ടത്. കളി മാറ്റുന്നതിനായി ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ഔദ്യോഗികമായി കത്തെഴുതി. രണ്ട് ദിവസം വൈകി തുടങ്ങാനാണ് സിഎബി ആഗ്രഹിക്കുന്നത്. അപ്പോഴേക്കും രംഗം ശാന്താമാവുമെന്നാണ് കരുതുന്നത്. വരുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവാസ്ഥ പ്രവചനമുണ്ട്.
രഞ്ജി ട്രോഫി മാത്രമല്ല, ഒക്ടോബര്‍ 27 ന് കല്യാണിയില്‍ റെയില്‍വേസിനെതിരായ അണ്ടര്‍ 23 ടീമിന്റെ മത്സരവും മാറ്റണമെന്ന് സംസ്ഥാന അസോസിയേഷന്‍ അധികൃതര്‍ ആഗ്രഹിക്കുന്നത്. ദാന ചുഴലിക്കാറ്റ് സംസ്ഥാനത്ത് നിരവധി സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു. കൊല്‍ക്കത്തയെയും സമീപ ജില്ലകളെയും സാരമായി തന്നെ ബാധിച്ചു. മത്സരം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സിഎബി പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ... ''വരുന്ന ദിവസങ്ങളില്‍ നടക്കുന്ന ബംഗാളിന്റെ മത്സരങ്ങല്‍ മാറ്റിവെക്കാന്‍ ബിസിസിഐക്ക് കത്തയിച്ചിട്ടുണ്ട്. ദാന ചുഴലിക്കാറ്റ് മത്സരത്തെ ബാധിച്ചേക്കുമെന്ന കാരണത്താലാണ് മത്സരം മാറ്റിവെക്കാന്‍ ആലോചിക്കുന്നത്.'' സിഎബി വ്യക്തമാക്കി.
undefined
ബംഗാളിന്റെ അവസാന മത്സരങ്ങളെ കാലാവസ്ഥ ഏറെ ബാധിച്ചിരുന്നു. ഒക്ടോബര്‍ 18-ന് ബിഹാറിനെതിരായ അവരുടെ അവസാന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. അതിനുമുമ്പ് ഉത്തര്‍പ്രദേശിനെതിരായ അവരുടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം ബംഗാളിന്റെ മത്സരം നടക്കാതായത് ടീമിനെ വലിയ തിരിച്ചടിയിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ മത്സരം ഉപേക്ഷിച്ചതാണ് അവര്‍ക്ക് വിനയായത്.
മറ്റൊരു മത്സരം കൂടി ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിക്കേണ്ടിവന്നാല്‍ ബംഗാളിന്റെ കാര്യങ്ങള്‍ കുഴയും. കേരളത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. കര്‍ണാടയ്‌ക്കെതിരായ കേരളത്തിന്റെ അവസാന മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 50 ഓവര്‍ മാത്രമാണ് മത്സരത്തില്‍ എറിയാന്‍ സാധിച്ചത്. മാത്രമല്ല, രഞ്ജിയില്‍ സഞ്ജു സാംസണിന്റെ പ്രകടനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.