സ്‌പിന്‍ കെണി; ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് കൂട്ടത്തകര്‍ച്ച! 46ന് അഞ്ച് വിക്കറ്റ് നഷ്‌ടം, വില്യംസണ്‍ ഫ്ലോപ്

By Web TeamFirst Published Dec 6, 2023, 4:30 PM IST
Highlights

വെറും 11.4 ഓവറിനിടെ 46 റണ്‍സിനാണ് അഞ്ച് ന്യൂസിലന്‍ഡ് വിക്കറ്റുകള്‍ ബംഗ്ലാ ബൗളര്‍മാര്‍ പിഴുതത്

ധാക്ക: ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ബംഗ്ലാദേശിന്‍റെ 172 റണ്‍സ് റണ്‍സ് പിന്തുടരുന്ന ന്യൂസിലന്‍ഡ് വെളിച്ചക്കുറവ് മൂലം ഒന്നാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ 12.4 ഓവറില്‍ 55-5 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിടുകയാണ്. ബംഗ്ലാദേശ് സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ പതറുന്ന കിവികള്‍ക്ക് ലീഡ് വഴങ്ങാതിരിക്കണമെങ്കില്‍ അഞ്ച് വിക്കറ്റ് കയ്യിലിരിക്കേ 117 റണ്‍സ് കൂടി വേണം. കിവികളുടെ വീണ അഞ്ച് വിക്കറ്റുകളും സ്‌പിന്നര്‍മാര്‍ക്കാണ്. 11.4 ഓവറിനിടെ 46 റണ്‍സിനാണ് അഞ്ച് ന്യൂസിലന്‍ഡ് വിക്കറ്റുകള്‍ ബംഗ്ലാ ബൗളര്‍മാര്‍ പിഴുതത്. 

ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 172 റണ്‍സ് പിന്തുടരാനിറങ്ങിയ ന്യൂസിലന്‍ഡിന് സ്കോര്‍ കാര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ ആറാം ഓവറിലെ നാലാം പന്തില്‍ ദേവോണ്‍ കോണ്‍വേയെ നഷ്‌ടമായി. 14 പന്തില്‍ കോണ്‍വേ 11 റണ്‍സേ നേടിയുള്ളൂ. മെഹിദി ഹസന്‍ മിര്‍സയ്‌ക്കായിരുന്നു വിക്കറ്റ്. കെയ്‌ന്‍ വില്യംസണ്‍ (14 പന്തില്‍ 13), ടോം ബ്ലന്‍ഡല്‍ (2 പന്തില്‍ 0) എന്നിവരെയും മടക്കി മെഹിദി ആദ്യ ദിനം തന്നെ മൂന്ന് വിക്കറ്റ് പേരിലാക്കി. ആറ് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മെഹിദി ഹസന്‍ മിര്‍സയുടെ മൂന്ന് വിക്കറ്റ് പ്രകടനം. വീണ മറ്റ് രണ്ട് വിക്കറ്റുകള്‍ തൈജുല്‍ ഇസ്‌ലമിനാണ്. ടോം ലാഥം (20 പന്തില്‍ 4), ഹെന്‍‌റി നിക്കോള്‍സ് (10 പന്തില്‍ 1) എന്നിവരെയാണ് തൈജുല്‍ പറഞ്ഞയച്ചത്. സ്റ്റംപെടുക്കുമ്പോള്‍ ഡാരില്‍ മിച്ചലും (10 പന്തില്‍ 12*), ഗ്ലെന്‍ ഫിലിപ്‌സും (6 പന്തില്‍ 5*) ആണ് ക്രീസില്‍. 

Latest Videos

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 66.2 ഓവറില്‍ 172 റണ്‍സ് വരെയെ നീണ്ടുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ മിച്ചല്‍ സാന്‍റ്‌നറും ഗ്ലെന്‍ ഫിലിപ്‌സും രണ്ട് പേരെ മടക്കി അജാസ് പട്ടേലും ഒരു വിക്കറ്റുമായി ക്യാപ്റ്റന്‍ ടിം സൗത്തിയുമാണ് ബംഗ്ലാദേശിനെ കുഞ്ഞന്‍ സ്കോറില്‍ ഒതുക്കിയത്. 83 പന്തില്‍ 35 റണ്‍സെടുത്ത മുഷ്‌ഫീഖുര്‍ റഹീം ടോപ് സ്കോററായപ്പോള്‍ ഷഹാദത്ത് ഹൊസൈന്‍ (31), മെഹിദി ഹസന്‍ മിര്‍സ (20), മഹ്മുദുല്‍ ഹസന്‍ ജോയി (14), നയീം ഹസന്‍ (13), ഷൊരീഫുള്‍ ഇസ്‌ലം (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍. സാക്കിര്‍ ഹസന്‍ എട്ടിനും നായകന്‍ നജ്‌മുല്‍ ഷാന്‍റോ ഒന്‍പതിനും മൊമീനുല്‍ ഹഖ് അഞ്ചിനും വിക്കറ്റ് കീപ്പര്‍ നൂരുല്‍ ഹസന്‍ ഏഴിനും തൈജുല്‍ ഇസ്ലം ആറിനും പുറത്തായി. 

Read more: ഇക്കാര്യമറിഞ്ഞാല്‍ ആരും മുഹമ്മദ് ഷമിയെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!