പെര്‍ത്തിലെ സാഹചര്യങ്ങളുമായി കൂടുതല്‍ ഒത്തിണങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ബിസിസിഐ തീരുമാനമെന്നാണ് വിശദീകരണം.
പെര്‍ത്ത്: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ കാത്ത് ബൗണ്‍സി ട്രാക്ക്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. പേസും ബൗണ്‍സുമാണ് ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത്. ഒപ്റ്റസ് സ്റ്റേഡിയത്തിന്റെ ഹെഡ് ക്യൂറേറ്റര്‍ ഐസക് മക്ഡൊണാള്‍ഡ് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഹോം ഗ്രൗണ്ടിലെ സ്പിന്നിന് അനുകൂലമായി ഒരുക്കിയ സാഹചര്യത്തില്‍ നിന്നാണ് ഇന്ത്യ വരുന്നത്. അതും ഒരു പരിശീലന മത്സരം പോലും കളിക്കാതെ. സന്ദര്‍ശകര്‍ തുടക്കത്തില്‍ ഇന്‍ട്രാ-സ്‌ക്വാഡ് ഗെയിം ഷെഡ്യൂള്‍ ചെയ്തിരുന്നുവെങ്കിലും ഒടുവില്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പെര്‍ത്തിലെ സാഹചര്യങ്ങളുമായി കൂടുതല്‍ ഒത്തിണങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ബിസിസിഐ തീരുമാനമെന്നാണ് വിശദീകരണം. പ്രശസ്തമായ വാക്ക പിച്ചില്‍ ഉപയോഗിക്കുന്ന അതേ പ്രാദേശിക കളിമണ്ണും പുല്ലുമാണ് ഒപ്റ്റസിനും ഉപയോഗിച്ചിരിക്കുന്നത്. 60,000 സീറ്റുകളുള്ള ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാമത്തെ ടെസ്റ്റ് മാത്രമായിരിക്കുമിത്. പിച്ചില്‍ ഏകദേശം 10 മില്ലിമീറ്റര്‍ പുല്ല് അവശേഷിക്കും. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ നയിക്കുന്ന ഓസ്ട്രേലിയയുടെ പേസ് ആക്രമണത്തിന് അനുയോജ്യമായ പ്രതലം പ്രദാനം ചെയ്യുന്നത്. ബാറ്റര്‍മാര്‍ അതിജീവിക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
എനിക്ക് കുറച്ച് സ്വാതന്ത്ര്യം വേണം! ലഖ്‌നൗ വിടാനുണ്ടായ കാരണം വ്യക്തമാക്കി കെ എല്‍ രാഹുല്‍
ഓസ്ട്രേലിയയുടെ പേസ് ബൗളര്‍മാര്‍ക്കു മുന്നില്‍ പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 89 റണ്‍സിന് തകര്‍ന്നടിഞ്ഞ സ്റ്റേഡിയം കൂടിയാണിത്. മാത്രമല്ല, അന്ന് ഓസ്ട്രേലിയന്‍ ബാറ്റര്‍മാരായ മര്‍നസ് ലബുഷെയ്‌നും ഉസ്മാന്‍ ഖവാജയും പേസിന് മുന്നില്‍ ഏറെ ബുദ്ധിമുട്ടി. താന്‍ നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രതലങ്ങളിലൊന്നായി ലബുഷെയ്ന്‍ പിന്നീട് വെളിപ്പെടുത്തിയിയിരുന്നു.
പിച്ചിനെ കുറിച്ച് ക്യൂറേറ്റര്‍ പറയുന്നതിങ്ങനെ... ''കഴിഞ്ഞ തവണ രണ്ട് ബൗളിംഗ് യൂണിറ്റുകളും വേഗത്തിന്റെ കാര്യത്തില്‍ സമാസമം ആയിരുന്നു. ഈ വര്‍ഷവും ഞാന്‍ അത് തന്നെ പ്രതീക്ഷിക്കുന്നു.'' മക്‌ഡൊണാള്‍ഡ് പറഞ്ഞു. പ്രഗത്ഭരായ ബാറ്റര്‍മാര്‍ക്ക് സാഹചര്യങ്ങള്‍ മുതലാക്കാന്‍ കഴിയും. എങ്കിലും കടുത്ത വെല്ലുവിളി അതിജീവിക്കേണ്ടി വരും.